ബോക്‌സോഫീസില്‍ വന്‍ കോളിളക്കമുണ്ടാക്കി മുന്നേറുന്ന ഗുഡ് ബാഡ് അഗ്‌ളി സിനിമയുമായി ബന്ധപ്പെട്ട് യുവനടന്‍ നസ്‌ളീന് നഷ്ടമായത് വന്‍ അവസരം. അജിത്തിന്റെ കഥാപാത്രത്തിന്റെ മകനായി സിനിമയില്‍ പ്രത്യക്ഷപ്പെടാനുള്ള ഓഫര്‍ നിരസിക്കേണ്ടി വന്നതായി നടന്‍ വെളിപ്പെടുത്തി. ആലപ്പുഴ ജിംഖാന സിനിമയായിരുന്നു നസ്‌ളീന് അവസരം നഷ്ടമാക്കിയത്.
”അതെ, ഗുഡ് ബാഡ് അഗ്ലിയുടെ ഭാഗമാകാന്‍ എന്നെ സമീപിച്ചിരുന്നു, എന്നാല്‍ ആ സമയത്ത് ഞാന്‍ ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ആധിക് സംവിധാനം ചെയ്യുന്നത് വലിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി രണ്ട് ഷെഡ്യൂളുകളോളം നീണ്ടുനിന്ന ഒരു വലിയ പ്രോജക്റ്റായിരുന്നു. അതിനാല്‍ എനിക്ക് ഈ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞില്ല!” നടന്‍ പറഞ്ഞു.
അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലി 2025 ഏപ്രില്‍ 10 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തിയിരുന്നു. ആലപ്പുഴ ജിംഖാന എന്ന സിനിമയില്‍ നസ്ലെന്‍ പ്രധാന വേഷത്തിലാണ് എത്തിയത്. തല്ലുമാലയുടെ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സ്പോര്‍ട്സ് സിനിമ സ്പോര്‍ട്സ് ക്വാട്ടയില്‍ ഒരു കോളേജില്‍ ചേരാന്‍ ബോക്സര്‍മാരാകാന്‍ തുനിഞ്ഞിറങ്ങിയ കുറച്ച് യുവാക്കളുടെ കഥയാണ് അവതരിപ്പിച്ചത്.
ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലേക്ക് വരുമ്പോള്‍, അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദര്‍ സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ കോമഡി സംരംഭമാണ്. ഒരു കാലത്ത് ക്രൈം മേധാവിയായിരുന്ന എകെ എന്ന റെഡ് ഡ്രാഗണിന്റെ കഥയാണ് ചിത്രം കേന്ദ്രീകരിക്കുന്നത്. സിനിമയില്‍ നസ്‌ളീന് പകരമായി എത്തിയത് കാര്‍ത്തികേയ ദേവായിരുന്നു.