ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് സിനിമ മേഖലയില്‍ നിന്ന് താന്‍ ഇടവേളയെടുക്കുകയാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോളോവര്‍മാരുമായി നിരന്തരം സംസാരിക്കുന്നയാളാണ് അല്‍ഫോണ്‍സ് പുത്രന്‍. ഇപ്പോള്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് കുമാറിന്റെ രാഷ്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
നിവിന്‍ പോളിയില്‍ നിന്നാണ് അജിത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ പോവുന്നത് അറിഞ്ഞതെന്നും അതിന് അജിത്തില്‍ നിന്നും ഒരു വിശദീകരണം ആവശ്യമാണെന്നും അല്‍ഫോണ്‍സ് പുത്രന്‍ പോസ്റ്റില്‍ പറയുന്നു. ‘ഇത് അജിത് കുമാര്‍ സാറിനുള്ളതാണ്. നിവിന്‍ പോളിയില്‍ നിന്നും സുരേഷ് ചന്ദ്രയില്‍ നിന്നും നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പോകുന്നു എന്ന് കേട്ടു. പ്രേമം ഫീച്ചര്‍ ഫിലിമിലെ നിവിന്‍ പോളിയുടെ പ്രകടനം നിങ്ങളുടെ മകള്‍ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാല്‍ നിങ്ങള്‍ നിവിന്‍ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. പക്ഷേ ഇതുവരെ പൊതുരംഗത്തും രാഷ്ട്രീയ മുന്നണിയിലും ഞാന്‍ നിങ്ങളെ കണ്ടിട്ടില്ല. ഒന്നുകില്‍ അവര്‍ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കില്‍ നിങ്ങള്‍ അത് മറന്നു അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേല്‍പ്പറഞ്ഞ 3 അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളില്‍ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു.” – അല്‍ഫോണ്‍സ് പുത്രന്‍ കുറിയ്ക്കുന്നു.