കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗുമായി ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ഇനി കൈകോര്‍ക്കാനൊരുങ്ങുന്നത് തമിഴിലെ വമ്പന്‍ താരം തല അജിത്തുമായി. പ്രശാന്ത് നീലുമായി അജിത്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടതായും നടന്റെ 64-ാമത്, 65-ാമത് സിനിമകളായി ഇവ പുറത്തുവരുമെന്നുമാണ് കേള്‍ക്കുന്നത്.
ദക്ഷിണേന്ത്യയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അജിത്ത് നിലവില്‍ ‘വിടമുയാര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. ഇവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന്‍ സിരുത്തൈ ശിവയുമായി അഞ്ചാം തവണ വീണ്ടും ഒന്നിക്കുന്നതായി പറയപ്പെടുന്നു. അതിനിടയിലാണ് താരം പ്രശാന്ത് നീലുമായി ഒരുമിക്കുന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത്. അജിത്ത് പ്രശാന്ത് നീല്‍ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ സവിശേഷത അത് കെ.ജി.എഫ് യൂണിവേഴ്‌സിന്റെ ഭാഗമായിരിക്കുമെന്നതാണ്. കെ.ജി.എഫ് 3 ല്‍ യഷിനെയും അജിത്തിനെയും ഒരുമിപ്പിച്ചുള്ള ഒരു കൂട്ടുകെട്ടാണ് പ്രശാന്ത് നീല്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് വിവരം.
അതേസമയം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് വലിയ നീളമുണ്ടാകും. കാരണം കെജിഎഫ് 3 യ്ക്കായി രണ്ടു വര്‍ഷമെങ്കിലും കവേണ്ടിവരും. എന്നിരുന്നാലും, അജിത്തും പ്രശാന്ത് നീലും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആരാധകരെ വളരെയധികം ആവേശഭരിതരാക്കിയിട്ടുണ്ട്. പ്രഭാസിനൊപ്പമുള്ള ‘സലാര്‍ 2’ വിന്റെ തിരക്കിലാണ് പ്രശാന്ത് നീല്‍ ഇപ്പോള്‍. ഇതിന് മാത്രം 6 മാസം വേണം.