അസാധാരണമായ പ്രണയകഥ പറഞ്ഞ സയാര ബോക്‌സോഫീസില്‍ കളക്ഷന്‍ നേടി കുതിക്കുകയാണ്. വെറും അഞ്ചു ദിവസം കൊണ്ടു തന്നെ സിനിമ 120 കോടി ക്ലബ്ബിലേക്കാണ് കടന്നിരിക്കുന്നത്. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച മോഹിത് സൂരി ചിത്രം ആദ്യ തിങ്കളാഴ്ച തന്നെ 105 കോടിയിലധികം നേടിയിട്ടുണ്ട്. മോഹിത് സൂരിയുടെ ചിത്രം ഛാവ, റെയ്ഡ് 2, സിതാരേ സമീൻ പർ തുടങ്ങിയ ജനപ്രിയ സിനിമകളുടെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ ഇതിനകം മറികടന്നു.
വെള്ളിയാഴ്ച തിയേറ്ററുകളില്‍ റിലീസ് ചെയ്തതുമുതല്‍ സിനിമയ്ക്ക് മേല്‍ സിനിമാപ്രേമികളും നിരൂപകരും സയാരയെ പ്രശംസകൊണ്ടു മൂടുകയാണ്. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നാലാം ദിവസം സിനിമ 22.50 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഈ ആഴ്ച മറ്റ് പ്രധാന റിലീസുകളൊന്നും ഇല്ലാത്തതിനാല്‍, സയാരയുടെ വേഗത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം 21.5 കോടി നേടി. ശനിയാഴ്ച സിനിമ 26 കോടി നേടി. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ഞായറാഴ്ചയായിരുന്നു. 35.75 കോടി.
റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ കൊണ്ടു സിനിമ 100 കോടി കടന്നു. അക്ഷയ് കുമാര്‍, അനന്യപാണ്ഡെ എന്നിവര്‍ അഭിനയിച്ച കേസരി ചാപ്റ്റര്‍ 2 ( 92.53 കോടി) എന്ന ചിത്രത്തിന്റെ കളക്ഷനെയാണ് സായാര മറികടന്നിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ സിക്കന്ദറിന്റെ ലൈഫ് ടൈം കളക്ഷന്‍ 110.1 കോടിയാണ്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, കരണ്‍ ജോഹര്‍ എന്നിവര്‍ മുതല്‍ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ വരെ എല്ലാവരും സയാരയെക്കുറിച്ച് വാചാലരാണ്. സംഗീതജ്ഞനായ കൃഷ് കപൂറും (അഹാന്‍) ലജ്ജാശീലയായ എഴുത്തുകാരിയായ വാണി ബത്രയും (അനീത്) തമ്മിലുള്ള തീവ്രമായ പ്രണയകഥയെ ചുറ്റിപ്പറ്റിയാണ് സയാരയുടെ കഥ വികസിക്കുന്നത്. കഥ പുരോഗമിക്കുമ്പോള്‍ ഇത് ഞെട്ടിപ്പിക്കുന്ന വഴിത്തിരിവിലേക്ക് നീങ്ങുന്നു. പുതിയ അഭിനേതാക്കള്‍, മനോഹരമായ സംഗീതം, രണ്ട് പ്രധാന കഥാപാത്രങ്ങളുടെ പ്രകടനം എന്നിവയ്ക്ക് ചിത്രം പ്രശംസ നേടി. അഹാന്‍ പാണ്ഡെയുടെ അഭിനയ അരങ്ങേറ്റമാണിത്.




