സാഹസിക യാത്രയാകാം, പക്ഷേ ഈ പ്രായത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? വിമാനത്തിനടിയിൽ വീൽ അറയിൽ (ലാന്‍ഡിംഗ് ഗീയറില്‍) ഒളിച്ച് അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു 13 വയസ്സുകാരന്റെ അതിസാഹസിക യാത്രയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. രാവിലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബാലൻ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെത്തിയ കുട്ടി ഇറാനിലേക്കു പോകാനാണ് ഉദ്ദേശിച്ചിരുന്നത്, എന്നാൽ വിമാനം മാറി. അഫ്ഗാൻ കുർത്ത ധരിച്ച ബാലൻ പരുങ്ങിനടക്കുന്നതു കണ്ട് സിഐഎസ്എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കേസെടുക്കില്ല.
ഏറെക്കുറെ അസാധ്യമെന്ന് തന്നെ പറയാന്‍ കഴിയുന്ന അത്യന്തം അപകടകരമായ 94 മിനിറ്റ് നീണ്ട് നിന്ന് യാത്രയാണ് ബാലന്‍ നടത്തിയത്. ഇത്രയും അപകടകരമായ യാത്ര എങ്ങനെയാണ് ബാലന്‍ അതിജീവിച്ചത് എന്ന അത്ഭുതത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ചോദ്യം ചെയ്യലിന് ശേഷം, ഉച്ചയ്ക്ക് 12:30 ഓടെ പുറപ്പെട്ട അതേ വിമാനത്തിൽ തന്നെ കുട്ടിയെ തിരിച്ചയച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്
ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു.
30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ഹൈപ്പോത്തെർമിയ പിടിപെട്ട് മരിക്കാം. ഓക്സിജന്റെ അളവ് കുറയുന്നതിനാൽ അബോധാവസ്ഥയും തുടർന്നു മരണവും സംഭവിക്കാനിടയുണ്ട്.
”പറന്നുയര്‍ന്നതിനുശേഷം വീല്‍ ബേ വാതില്‍ തുറക്കും ഈ സമയം ചക്രം പിന്നോട്ട് പോകുകയും വാതില്‍ അടയുകയും ചെയ്യും. ഈ സമയം കുട്ടി ഈ അടച്ചിട്ട സ്ഥലത്ത് പ്രവേശിച്ചിരിക്കാം. അത് പാസഞ്ചര്‍ ക്യാബിനിന് സമാനമായ താപനില നിലനിര്‍ത്തിയിരിക്കാം. ”ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ വിശദീകരിച്ചു.
10,000 അടിക്ക് മുകളില്‍ എത്തിയാല്‍ തന്നെ ഓക്‌സിജന്റെ അളവ് കുറയും. ഇത് മിനിറ്റുകള്‍ക്കുള്ളില്‍ ഒരാളെ അബോധാവസ്ഥയിലാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിന് പുറമെ താപിനിലയിലെ കുറവും വില്ലനായേക്കാം. ഇത്തരത്തില്‍ വിമാനത്തിന്റെ ടയറില്‍ യാത്ര ചെയ്ത 5ല്‍ ഒരാള്‍ മാത്രമെ അതിജീവിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.




