Oddly News

നിങ്ങളുടെ ചായയിൽ അല്‍പ്പം ഉപ്പു ചേർത്താലോ? രുചി കൂടുമെന്ന് രസതന്ത്രജ്ഞ!

ഉപ്പില്ലാത്ത കറിയില്ല എന്നൊരു പ്രയോഗം തന്നെ മലയാളികള്‍ക്കിടയിലുണ്ട്. കറികളുടെ രുചി അതില്‍ ചേ​ര്‍ക്കുന്ന ഉപ്പിനെ ആശ്രയിച്ചാണിരിക്കുന്നത്. ഉപ്പ് മലയാളിയുടെ നാവിനെ അത്രമേല്‍ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ ചായ ഉണ്ടാക്കുമ്പോള്‍ പഞ്ചസാരയ്ക്കൊപ്പം ഒരു നുള്ള് ഉപ്പുകൂടി ചേര്‍ത്താലോ?

ഇനിയൊരു ചായ കുടിച്ചിട്ടാകാം ബാക്കി… എന്ന് എത്രയോ സന്ദര്‍ഭങ്ങളില്‍ നാം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒരു കപ്പ് ചായയില്‍ ഒരു ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ പലരും. കുറഞ്ഞത് ദിവസവും രണ്ട് ചായ എങ്കിലും പലർക്കും നിർബന്ധവുമാണ് ചായ രുചികരമായി തയാറാക്കാന്‍ പല വഴികളും നമുക്കറിയാം. ചായയിൽ ഏലയ്ക്ക, ഇഞ്ചി, ഗ്രാമ്പു, തുളസി തുടങ്ങി പലതും ചേർത്ത് ചായയുടെ രുചിയും ഗുണവും കൂട്ടാം.

എന്നാല്‍ നമ്മളൊരിക്കലും വിചാരിക്കാത്ത ഈ ചേരുവയിലൂടെ ചായയുടെ സ്വാദ് കൂട്ടാനാകുമെന്നാണ് അമേരിക്കയിലെ ഒരു രസതന്ത്രജ്ഞ പറയുന്നത്. പിന്നാലെ നിരവധി വിവാദങ്ങളിലേക്കും ഈ രുചിക്കൂട്ട് വഴി തുറന്നിരിക്കുകയാണ്.യുഎസിൽ നിന്നുള്ള രസതന്ത്ര ശാസ്ത്രജ്ഞയായ ഡോ. മിഷേൽ ഫ്രാങ്കാണ് “സ്റ്റീപ്പ്ഡ്: ദി കെമിസ്ട്രി ഓഫ് ടീ” എന്ന തന്റെ പുസ്തകത്തില്‍ ചായയ്ക്ക് ഒരു നുള്ള് ഉപ്പ് ആവശ്യമാണെന്ന് പറഞ്ഞത്. ചായയിൽ ഉപ്പ് ചേർക്കുന്നതുവഴി അതിന്റെ കയ്പ് ഇല്ലാതാക്കാനാകുമെന്നാണ് മിഷേൽ പറയുന്നത്.

കൂടാതെചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്ന് അവര്‍ നിർദ്ദേശിക്കുന്നു. ചായയ്ക്ക് കൂടുതൽ രുചി ലഭിക്കുമെന്നും കപ്പ് ചൂടായി സൂക്ഷിച്ചാൽ അതിലെ ആന്റി ഓക്‌സിഡന്റുകളുടെയും കഫീന്റേയും അളവ് വർദ്ധിക്കുകയും ചെയ്യുമത്രേ. തേയില ചേര്‍ത്ത് വെള്ളം ആദ്യം തിളപ്പിച്ച് അതിലേക്ക് പാലൊഴിക്കുന്നതാണ് ഉത്തമമെന്നും അവർ പറയുന്നു. ഡോ. മിഷേൽ ഉന്നയിച്ച അവകാശവാദങ്ങളിൽ കടുത്ത എതിർപ്പുമായി ലണ്ടനിലെ യുഎസ് എംബസി ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ബ്രിട്ടന്റെ നയമല്ലെന്നും എംബസിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നാരങ്ങാവെള്ളമുണ്ടാക്കി കുടിച്ച് ആസ്വദിക്കുന്ന നമുക്ക് ഇതൊക്കെയെന്ത് ? എന്നാവും മലയാളിയുടെ ചിന്ത.