Movie News

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. സീരിയലുകളുടെ വരവോടെ മിനിസ്‌ക്രീനിലേക്കും എത്തി. മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. 1980-ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1989-ൽ വിവാഹിതയായെങ്കിലും 2005-ൽ വിവാഹമോചിതയായ കനകലതക്ക് മക്കളില്ല.

ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എന്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നിവയാണ് കനകലതയുടെ പ്രധാന സിനിമകൾ.

സഹോദരി വിജയമ്മ കഴിഞ്ഞവർഷം ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 2021 മുതലാണ് നടിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു.