ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ജയറാമിന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഗായകൻ വീരമണിയും ഉണ്ടായിരുന്നു. എന്നോടു പൂജ പോലെ ചെയ്യാൻ പറഞ്ഞു. ഫാക്ടറിയുടെ വാതിലിനു മുന്നിലെ ഓഫിസ് മുറിയിൽ വച്ചാണ് പൂജ നടന്നത്. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോൾ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത്.
ഉണ്ണികൃഷ്ണൻ പോറ്റി പല കാര്യങ്ങൾക്കും വിളിക്കാറുണ്ട്. 2018 മുതൽ പരിചയമുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള പല വിവിഐപികളും അദ്ദേഹത്തോടൊപ്പമുണ്ടാകാറുണ്ട്. ഈയടുത്ത് ശബരിമലയിൽ മേളം ചെയ്യാമോയെന്നു ചോദിച്ച് വിളിച്ചിരുന്നു. ചെന്നൈയിലെ അന്നത്തെ പൂജ മഹാഭാഗ്യമായാണ് കരുതിയത്. അത് ഇങ്ങനെയാകുമെന്നു കരുതിയില്ല’’ –ജയറാം പറഞ്ഞു.
എന്നാല്‍ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി ശ്രീകോവിലിന്റെ വാതിലും കട്ടിലപ്പടിയും തന്റെ വീട്ടിലെ പൂജ മുറിയിലും എത്തിച്ചിരുന്നതായി ജയറാം പറഞ്ഞു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. ചെന്നൈയിലെ അമ്പത്തൂരിലെ പൂജക്ക് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് തന്റെ വീട്ടിലെത്തിക്കാൻ ഭാഗ്യമുണ്ടായതെന്നും എന്നാൽ, അത് വീട്ടിൽ കൊണ്ടുവന്നത് ഒരു മാരുതി ഒമ്നി വാനിലാണെന്നും ഇങ്ങനെയുള്ള വിലപിടിപ്പുള്ള സാധനങ്ങളൊക്കെ ഇത്തരം വാഹനങ്ങളിൽ റോഡ് മാർഗം പോകുന്നത് സുരക്ഷിതമാണോ എന്ന് അന്ന് ആലോചിച്ചിരുന്നെന്നും ജയറാം പറഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍.




