യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌കര്‍ പുരസ്‌കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്‌സണ്‍. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്‌റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്.
1998-ല്‍ ‘പ്രൈമറി കളേഴ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ ‘ഹലോ ഞാന്‍ ഡൊണാള്‍ഡ് ട്രംപ്’ ആണെന്ന് മറുതലയ്‌ക്കല്‍നിന്ന് കേട്ടു. അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്താണ് വേണ്ടതെന്ന് ചോദിച്ചു. തന്റെ മനോഹരമായ സ്‌ഥലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വന്നു താമസിക്കണമെന്നും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. ഞാന്‍ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞ് ആ കോള്‍ ഞാന്‍ അവസാനിപ്പിച്ചു’-എമ്മ പറയുന്നു.
അന്നാണ് തന്റെ വിവാഹമോചന ഉത്തരവ് പുറത്തുവന്നതെന്ന് പിന്നീട് താന്‍ മനസിലാക്കിയെന്നും തന്നെ ട്രംപ് നിരീക്ഷിച്ചിരുന്നുവെന്നും എമ്മ പറയുന്നു. ‘എന്റെ ഫോണ്‍ നമ്പറും ട്രംപ് കണ്ടെത്തി. അത് സ്‌റ്റോക്കിങ് ആണ്. അന്ന് ട്രംപിനൊപ്പം ഡേറ്റിന് പോയിരുന്നെങ്കില്‍ എനിക്കൊരു കഥ പറയാനുണ്ടാകുമായിരുന്നു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റാന്‍ കഴിയുമായിരുന്നു.’-അവര്‍ പറഞ്ഞു.
ഹാരിപോട്ടര്‍ സിനിമയിലെ പ്രഫസര്‍ സിബില്‍ ട്രെലാവണി എന്ന കഥാപാത്രത്തെ എമ്മ അവതരിപ്പിച്ചിരുന്നു. മുമ്പ് നടി സല്‍മ ഹയാക്കും ട്രംപ് തന്നെ ഡേറ്റിന് ക്ഷണിച്ചതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. തന്റെ കാമുകന്‍ കൂടെയുണ്ടായിരുന്നപ്പോഴാണ് ഈ സംഭവമെന്നും അന്ന് കാമുകന്‍ തനിക്ക് ചേര്‍ന്നവനല്ലെന്ന് ട്രംപ് പറഞ്ഞുവെന്നും സല്‍മ വ്യക്‌തമാക്കിയിരുന്നു.




