Crime

ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതി ‘ഗണിതപ്രതിഭ’, തോക്ക് ഉന്നം വച്ചതില്‍ കണക്കുതെറ്റി

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരനെ എഫ്.ബി.ഐ. തിരിച്ചറിഞ്ഞു. പെൻസിൽവാനിയയിലെ തോമസ് മാത്യു ക്രൂക്‌സാണ് ട്രംപ് പ്രസംഗിച്ച വേദിയിലേയ്ക്ക് വെടിയുതിർത്തതെന്നാണ് യു.എസ്. കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. വെടിയുതിര്‍ക്കാന്‍ അക്രമി ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ്.

സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽതന്നെ സുരക്ഷാസേന ഇയാളെ വെടിവച്ചു കൊലപ്പെടുത്തി. ട്രംപിന്റെ ചെവിയിലാണു വെടിയേറ്റത്. 140 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് അക്രമി ട്രംപിന് നേരെ ഉന്നംവച്ചത്. നിരവധി പ്രാവശ്യം അക്രമി വെടിയുതിര്‍ത്തെങ്കിലും ഒരു വെടിയുണ്ട മാത്രമാണ് ട്രംപിന്റെ ശരീരത്തില്‍ കൊണ്ടത്.

2022 ൽ ബെഥേൽ പാർക്കിലെ ഹൈസ്‌കൂളിൽ നിന്നാണ് ഇയാൾ സ്കൂള്‍പഠനം പൂർത്തിയാക്കിയത്. ഗണിതത്തിൽ മിടുക്കനായിരുന്ന തോമസ് മാത്യു ദേശീയ ‘മാത്സ് ആന്റ് സയൻസ് ഇനിഷ്യേറ്റീവിൽ’നിന്ന് 500 ഡോളര്‍ പുരസ്കാരതുകയുള്ള സ്റ്റാർ അവാർഡ് ജേതാവുമാണ്. 2022 ൽ ക്രൂക്‌സ് ഹൈസ്‌കൂൾ ഡിപ്ലോമ സ്വീകരിക്കുന്നതിന്റെ വീഡിയോ ന്യൂയോർക്ക് ടൈംസും പുറത്തുവിട്ടിട്ടുണ്ട്.

കണ്ണട ധരിച്ച്, കറുത്തനിറത്തിലുള്ള ഗ്രാജ്വേഷൻ ഗൗണിൽ ക്രൂക്‌സ് ഒരു സ്‌കൂൾ അദ്ധ്യാപകനൊപ്പം പോസ് ചെയ്യുന്നതാണു വീഡിയോ. പശ്ചാത്തലത്തിൽ കരഘോഷങ്ങളും കേൾക്കുന്ന ഈ വീഡിയോയുടെ ആധികാരികത ഉറപ്പിച്ചിട്ടില്ല. വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് ഒരു തിരിച്ചറിയൽ രേഖയും ക്രൂക്‌സ് കൊണ്ടുവന്നില്ലെന്നും തിരിച്ചറിയലിനായി മറ്റു രീതികൾ അവലംബിക്കേണ്ടി വന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫോട്ടോഗ്രാഫുകളുടെ പരിശോധന തുടരുകയാണ്. അതിനുശേഷം ഡി.എൻ.എ. പരിശോധനയും ബയോമെട്രിക് സ്ഥിരീകരണവും നടത്തുമെന്നും എഫ്.ബി.ഐ. അറിയിച്ചു.

ആക്രമണത്തിൽ ഒരാൾ മരിക്കുകയും മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. എന്താണ് ആക്രമണത്തിന്റെ കാരണം എന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും എഫ്.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു.