Crime Featured

പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ മകനു മുന്നില്‍ വെടിവച്ച്‌ കൊന്നു

കാലടി: പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട അയല്‍വാസിയെ മകന്‍ വെടിവച്ച്‌ കൊന്നു. കെ.എസ്‌.ആര്‍.ടി.സി റിട്ട. ജീവനക്കാരന്‍ മഞ്ഞപ്ര കിലുക്കന്‍ ജോസാണ്‌ (60) വെടിയേറ്റു മരിച്ചത്‌. മഞ്ഞപ്ര കോതായി തോട്ടില്‍ മകന്‍ ജെറാള്‍ഡിനൊപ്പം കുളിക്കുകയായിരുന്ന ജോസിനെ ഇന്നലെ വൈകിട്ട്‌ 6.30 ന്‌ അയല്‍വാസി പോളി കാളാംപറമ്പന്‍ വെടിവയ്‌ക്കുകയായിരുന്നു.

റിട്ട മിലിട്ടറി ഉദ്യോഗസ്‌ഥനാണു പോളി. രണ്ടുപ്രാവശ്യം വെടിയേറ്റ ജോസ്‌ കുളത്തില്‍ വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. സംഭവത്തിനുശേഷം അയ്യമ്പുഴ സ്‌റ്റേഷനില്‍ പോളി സ്വയം കീഴടങ്ങി.

സംഭവം നടന്നത്‌ കാലടി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലാണ്‌. ഫോറന്‍സിക്‌ ഉദ്യോഗസ്‌ഥരും പോലിസ്‌ ഉന്നതാധികാരികളും സ്‌ഥലത്തെത്തി പരിശോധ നടത്തി വരുന്നു. അയ്യമ്പുഴ ഉപ്പുകല്ലില്‍ താമസിക്കവേ ജോസും പോളിയുടെ പിതാവും അയല്‍വാസികളായിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന്‌ പോളിയുടെ പിതാവ്‌ ജോസ്‌ മരിച്ച സംഭവമുണ്ടായിരുന്നു.

ഇതിനുശേഷം പോളിയും ജോസും തമ്മില്‍ പലപ്രാവശ്യം വാക്കേറ്റവും അടിപിടിയും ഉണ്ടായിരുന്നു. പിന്നീട്‌ കുടുംബസമേതം ജോസ്‌ മഞ്ഞപ്രയിലേക്കു താമസം മാറ്റി. പിതാവിനെ കൊന്ന കേസിലെ വ്യക്‌തി വൈരാഗ്യമാണ്‌ പ്രതിയെ കൊലയ്‌ക്കു പ്രേരിപ്പിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ മൃതദ്ദേഹം കുളത്തില്‍ നിന്നു കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റും.

തെളിവെടുപ്പിനായി പ്രതിയെ അതിരാവിലെ സംഭവസ്‌ഥലത്ത്‌ എത്തിക്കുമെന്ന്‌ പോലിസ്‌ പറയുന്നു. മാണിക്യമംഗലം സ്വദേശി അല്‍ഫോന്‍സയാണ്‌ ജോസിന്റെ ഭാര്യ. മക്കള്‍: ജിയ (എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനി), ജെറാള്‍ഡ്‌ (ആറാംക്ലാസ്‌ വിദ്യാര്‍ഥി).

Leave a Reply

Your email address will not be published. Required fields are marked *