Oddly News

128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വച്ചിരുന്ന മൃതദേഹം ഒടുവില്‍ സംസ്‌ക്കരിക്കുന്നു

ഒരു നൂറ്റാണ്ട് സൂക്ഷിക്കപ്പെട്ട മൃതദേഹം ഒടുവില്‍ സംസ്‌ക്കാരത്തിന് തയ്യാറെടുക്കുന്നു. പെന്‍സില്‍വാനിയയില്‍ 128 വര്‍ഷമായി മമ്മിയാക്കപ്പെട്ട് പ്രദര്‍ശനത്തിന് വെച്ചിരുന്ന സ്റ്റോണ്‍മാന്‍ വില്ലി എന്നറിയപ്പെട്ടിരുന്ന മനുഷ്യന്റെ മൃതദേഹമാണ് സംസ്‌ക്കാരിക്കാന്‍ പോകുന്നത്. 1895-ല്‍ പോക്കറ്റടിയ്ക്ക് അറസ്റ്റിലായ ഇയാള്‍ ഒരു ലോക്കല്‍ ജയിലില്‍ വെച്ച് വൃക്ക തകരാറിലായിയാണ് മരണമടഞ്ഞത്.

പെന്‍സില്‍വാനിയയിലെ റീഡിംഗിലെ ഔമാന്റെ ഫ്യൂണറല്‍ ഹോം അനുസരിച്ച്, പുതിയ എംബാമിംഗ് വിദ്യകള്‍ പരീക്ഷിക്കാന്‍ വേണ്ടിയായിരുന്നു മൃതദേഹം മമ്മിയാക്കിയത്. ബോ ടൈയുള്ള ഒരു സ്യൂട്ട് ധരിച്ച സ്റ്റോണ്‍മാന്‍ വില്ലി ഒരു ശവപ്പെട്ടിയില്‍ നെഞ്ചിന് കുറുകെ ഒരു ചുവന്ന പട്ടയുമായി പ്രദര്‍ശിപ്പിച്ചിരുന്നു. തലമുടിയും പല്ലുകളും വരെ കേടുകൂടാത്ത അവസ്ഥയിലാണ് ഇപ്പോഴും.

അറസ്റ്റിലാകുന്ന സമയത്ത് വ്യാജ പേര് നല്‍കിയതിനാല്‍, വര്‍ഷങ്ങളോളം ആളുടെ ഐഡന്റിറ്റി അജ്ഞാതമായി തുടരുകയും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് ബന്ധുക്കളെ ബന്ധപ്പെടാനും കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് പല രേഖകള്‍ പരിശോധിച്ചാണ് സ്റ്റോണ്‍മാന്‍ വില്ലിയുടെ യഥാര്‍ത്ഥ പേര് തിരിച്ചറിഞ്ഞത്. ഒക്ടോബര്‍ 7 ന് മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പേര് ആലേഖനം ചെയ്യും.

പരീക്ഷണാടിസ്ഥാനത്തിലുള്ള എംബാമിംഗ് സാങ്കേതിക വിദ്യയുടെ പ്രക്രിയ നിരീക്ഷിക്കുന്നതിനായി മൃതദേഹം സംസ്‌കരിക്കുന്നതിന് പകരം സൂക്ഷിക്കാന്‍ അനുമതി നല്‍കണമെന്ന് ഫ്യൂണറല്‍ ഹോം സംസ്ഥാനത്തോട് അപേക്ഷിച്ചിരുന്നു. ശവസംസ്‌കാരത്തിന് മുന്നോടിയായി, റീഡിംഗിന്റെ 275-ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്രദേശവാസികള്‍ തെരുവിലിറങ്ങി. നഗരത്തിലേക്കുള്ള പരേഡിന്റെ ഭാഗമായി സ്റ്റോണ്‍മാന്‍ വില്ലിയുടെ ശവപ്പെട്ടി ഒരു മോട്ടോര്‍ സൈക്കിള്‍ ശവവാഹിനിയില്‍ കൊണ്ടുപോകുകയും ചെയ്തിരുന്നു.