Sports

എന്റെ ബോളില്‍ സിക്‌സറടിക്കാന്‍ ധൈര്യമുണ്ടോ? പാക് ബൗളര്‍ക്ക് കോഹ്ലിയുടെ മറുപടി രണ്ടു വാക്കില്‍!

ലോകോത്തര ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലിക്കെതിരേ പന്തെറിയുക എന്നത് പാക് സ്പിന്നര്‍ അബ്‌റാര്‍ അഹമ്മദിന്റെ ആ ജീവനാന്ത സ്വപ്‌നമാമയിരുന്നു. ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടിയപ്പോള്‍ കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യാന്‍ 26 കാരനായ ലെഗ് സ്പിന്നര്‍ക്ക് അവസരം ലഭിച്ചു. പാകിസ്ഥാന്‍ ആറ് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, അബ്രാറിനെ സംബന്ധിച്ചിടത്തോളം, മത്സരം വ്യക്തിഗത പ്രാധാന്യവും നേടി.

”കോഹ്ലിക്ക് എതിരേ ബൗള്‍ ചെയ്യണമെന്നത് എന്റെ ബാല്യകാല സ്വപ്‌നമായിരുന്നു. അത് ദുബായില്‍ സാക്ഷാത്കരിക്കപ്പെട്ടു.” അബ്രാര്‍ ടെലികോം ഏഷ്യ സ്പോര്‍ട്ടിനോട് പറഞ്ഞു. ”അതൊരു വലിയ വെല്ലുവിളിയായിരുന്നു. എന്റെ ബോളില്‍ ഒരു സിക്സ് അടിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം ഒരിക്കലും ദേഷ്യപ്പെട്ടില്ല. കോഹ്ലി ഒരു മികച്ച ബാറ്ററാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം ഒരു വലിയ മനുഷ്യന്‍ കൂടിയാണ്.”

മത്സരത്തിന് ശേഷമുള്ള കോലിയുടെ പ്രതികരണം അബ്രാറിനെ ശരിക്കും വിസ്മയിപ്പിക്കുകയും ചെയ്തു. ‘നീ നന്നായി പന്തെറിഞ്ഞു’ എന്നായിരുന്നു മത്സരശേഷം കോഹ്ലിയുടെ പ്രതികരണം. ”ഞാന്‍ കോഹ്ലിയെ ആരാധിച്ച് വളര്‍ന്നയാളാണ്. ഒരു ദിവസം ഞാന്‍ അദ്ദേഹത്തിനെതിരേ പന്തെറിയുമെന്ന് അണ്ടര്‍ 19 കളിക്കാരോട് പറയാറുണ്ടായിരുന്നു.” അബ്രാര്‍ വ്യക്തമാക്കി.

2023 ലെ ഏകദിന ലോകകപ്പിലും ന്യൂയോര്‍ക്കില്‍ നടന്ന ടി20 ലോകകപ്പിലും അവഗണിക്കപ്പെട്ട അബ്രാര്‍ പക്ഷേ ചാംപ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തി. പത്ത് ഓവറില്‍ വെറും 28 റണ്‍സ് മാത്രം നല്‍കിയ അദ്ദേഹം ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കുകയും ചെയ്തു. അതിലും പ്രധാനം വിരാട്‌കോഹ്ലിയെ ബൗളിംഗ് ഉപയോഗിച്ച് അദ്ദേഹം പൂട്ടിക്കളഞ്ഞു. ഇന്ത്യന്‍ മാസ്‌ട്രോ റണ്‍സിനായി ശരിക്കും കഷ്ടപ്പെടുമെന്ന് ഉറപ്പാക്കാനും പാക് സ്പിന്നര്‍ക്കായി.