Lifestyle

വെറും 8 ചതുരശ്രമൈല്‍ വിസ്തൃതി ; 105,000 ഡോളര്‍ നല്‍കിയാല്‍ ഈ ദ്വീപ്‌രാഷ്ട്രത്തില്‍ പൗരത്വം കിട്ടും !

വെറും 8 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഒരു ദ്വീപ് രാഷ്ട്രം. അവിടെ നിങ്ങള്‍ക്ക് 105,000 ഡോളര്‍ നല്‍കിയാല്‍ പൗരത്വം ലഭിക്കും. തെക്കുപടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ നൗറുവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കടല്‍നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പണത്തിന് ദ്വീപില്‍ പൗരത്വം നല്‍കുന്ന ‘ഗോള്‍ഡന്‍പാസ്‌പോര്‍ട്ട്’ സൗകര്യം നല്‍കുന്നത്.

ചൂട് കൂടുന്നത് അനുസരിച്ച് സമുദ്രനിരപ്പ് ഉയരല്‍, കൊടുങ്കാറ്റ്, തീരദേശ മണ്ണൊലിപ്പ് എന്നിവയില്‍ നിന്ന് നൗറു അസ്തിത്വ ഭീഷണി നേരിടുന്നു. സമ്പന്ന രാജ്യങ്ങളെപ്പോലെ കാലാവസ്ഥാ പ്രതിസന്ധിയില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള വിഭവങ്ങള്‍ ലോകത്തിലെ മൂന്നാമത്തെ ചെറിയ രാജ്യമായ നൗറുവിന് ഇല്ല. വെറും 12,500 പേര്‍ മാത്രമുള്ള ദ്വീപിലെ ജനസംഖ്യയുടെ 90 ശതമാനം പേരെയും ഉയര്‍ന്ന പ്രദേശം ഉണ്ടാക്കി അവിടേക്ക് മാറ്റുന്നതിനും അതിനനുസൃതമായി പുതിയൊരു ജനസമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുമായുള്ള പദ്ധതിയുടെ ഫണ്ട് സ്വരൂപണമായിട്ടാണ് ‘പൗരത്വവില്‍പ്പന’ തകൃതിയായി നടത്തുന്നത്.

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് വഴി പണം കണ്ടെത്തുന്നത് ദ്വീപില്‍ പുതിയൊരു കാര്യമല്ല പക്ഷേ വിവാദമാണെന്ന് മാത്രം. ദ്വീപ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആള്‍ക്കാര്‍ ഉപയോഗിക്കുമെന്നും ദ്വീപ്ജനതയെ ചൂഷണത്തിന് ഇരയാക്കും എന്നതാണ് പ്രശ്‌നം. അതേസമയം ക്രിമിനല്‍ ചരിത്രമുള്ള ആളുകള്‍ക്ക് പാസ്പോര്‍ട്ടുകള്‍ നിരോധിക്ക പ്പെടും. പ്രോഗ്രാമില്‍ പക്ഷേ റഷ്യയും ഉത്തര കൊറിയയും ഉള്‍പ്പെടെ അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ദുഷ്‌കരവും ഇരുണ്ടതുമായ ചരിത്രമുള്ള ദ്വീപിന്റെ ഭാവി സുരക്ഷിത മാക്കാനുള്ള അവസരമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

1900-കളുടെ തുടക്കം മുതല്‍ ഫോസ്‌ഫേറ്റിനായി നടന്ന ഖനനം നൗറിവിന്റെ ഏകദേശം 80% വാസയോഗ്യമല്ലാതാക്കി. ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കടല്‍നിരപ്പ് ഉയരുമ്പോഴും തീരപ്രദേശങ്ങളില്‍ കൂട്ടമായി താമസിക്കുകയാണ്. 2000-കളുടെ തുടക്കം മുതല്‍, ഓ സ്ട്രേലിയയില്‍ സ്ഥിരതാമസമാക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റ ക്കാര്‍ക്കും ഒരു ഓഫ്ഷോര്‍ തടങ്കല്‍ സ്ഥലമായും ഇത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍, ഹരിത പരിവര്‍ത്തനത്തിനുള്ള സാമഗ്രികള്‍ക്കായി ആഴക്കടല്‍ ഖനനവും ഇവിടെ നടക്കുന്നു.

നൗറു അതിന്റെ ആദ്യ വര്‍ഷത്തില്‍ ഏകദേശം 5.6 മില്യണ്‍ ഡോളര്‍ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 1990-കളുടെ മധ്യത്തില്‍ പൗരത്വം വില്‍ക്കുന്ന പരിപാടി അഴിമതി യില്‍ മുങ്ങി. 2003-ല്‍ നൗറു പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരുന്ന രണ്ട് അല്‍ ഖ്വയ്ദ ഭീ കരര്‍ മലേഷ്യയില്‍ പിടിയിലായത് വിവാദമായിരുന്നു. അതേസമയം പാസ്പോര്‍ട്ടു കള്‍ വിറ്റ് കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്ന ആദ്യത്തെ രാജ്യമല്ല നൗറു. 1993 മുതല്‍ പൗരത്വം വില്‍ക്കുന്ന കരീബിയന്‍ രാജ്യമായ ഡൊമിനിക്ക 2030-ഓടെ ലോകത്തിലെ ആദ്യത്തെ കാലാവസ്ഥാ പ്രതിരോധ രാജ്യമാകാനുള്ള ശ്രമത്തിലാണ്.