Good News

‘ദൈവത്തിന്റെ കൈകള്‍’… അകക്കണ്ണ് കൊണ്ട് കാന്‍സര്‍ തിരിച്ചറിയുന്ന ആയിഷ ബാനു

ജന്മനാ തന്നെ അന്ധയായിരുന്നുവെങ്കിലും ആയിഷ ബാനുവിന് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകള്‍ക്ക് പോലും കാണാന്‍ സാധിക്കാത്തത് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇന്ന് ഈ 24കാരി സ്ത്രീകളുടെ ജീവന്‍ രക്ഷിക്കുന്ന രക്ഷകയാണ്. ബെംഗളൂരു സ്വദേശിയായ ആയിഷയ്ക്ക് ബെംഗളൂരുവിലെ സൈറ്റ്കെയര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടാക്ടൈല്‍ എക്സാമിനര്‍ എന്ന പദവി ലഭിച്ചത് അകക്കണ്ണിന്റെ മികവ് കൊണ്ടാണ്.

സ്താനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ വെറും സ്പര്‍ശന ശക്തികൊണ്ട് കണ്ടെത്തുകയാണ് ആയിഷ ബാനു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌കവറി ഹാന്‍ഡ്സ് എന്നറിയപ്പെടുന്ന സംഘടനയുടെ ഭാഗമായി ഇത് ചെയ്തുവരുന്നുണ്ട്.

കാഴ്ചാവെല്ലുവിളിയുള്ള എക്സാമിനര്‍മാരുടെ പരിശോധനയ്ക്ക് വിധേയരാകാന്‍ സ്ത്രീകള്‍ താല്‍പര്യം കാണിച്ചു തുടങ്ങിയതിന് പിന്നാലെ ഈ സംരംഭത്തിന് പ്രചാരം കൂടി. ഡിസ്‌കവറി ഹാന്‍ഡ്സിന്റെ കീഴില്‍ കാഴ്ച വൈകല്യമുള്ള സ്ത്രീകള്‍ പരിശീലനം നേടുകയും സ്തനാര്‍ബുദം പോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനായി ആശുപത്രികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇവരുടെ സേവനം ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധനയെ അപേക്ഷിച്ച് രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുമെന്ന വിശ്വാസം ഈ സംരംഭത്തിന്റെ സ്വീകാര്യത കൂട്ടുന്നുണ്ട്.

ചെറുപ്പത്തില്‍തന്നെ കണ്‍പോളകള്‍ നീക്കം ചെയ്യേണ്ടതായി വന്ന ആയിഷ പല പ്രതിസന്ധികളെ തരണം ചെയ്താണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. താന്‍ പരിശോധിച്ച 2000 ത്തോളം സ്ത്രീകളില്‍ രണ്ട് പേര്‍ക്ക് സ്തനാര്‍ബുദം ഉണ്ടായിരുന്നുവെന്നും അത് കണ്ടെത്താനായി സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ആയിഷ പറയുന്നു. ശമ്പളത്തിന്റെ ഒരു ഭാഗം ഇവര്‍ ചാരിറ്റിക്കായി സംഭാവന ചെയ്യുന്നു. ആയിഷയെപ്പോലെ, കോലാറിലെ നൂറുന്നിസ എന്ന 29കാരിയും കടുത്തപനി ബാധിച്ച് മൂന്ന് വയസ്സുള്ളപ്പോള്‍ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഡിസ്‌കവറി ഹാന്‍ഡ്സ് സംഘടന വഴി ജോലി നേടിയവളാണ്.

ഒരു മെഡിക്കല്‍ പശ്ചാത്തലം ഇല്ലാതെയിരുന്നിട്ടും വിശദമായി മെഡിക്കല്‍ ചരിത്രങ്ങള്‍ സൂക്ഷ്മമായി പഠിക്കുകയും ശാരീര പരിശോധനകള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ ടൈപ്പ് ചെയ്യുകയും ഇവര്‍ ചെയ്യുന്നു. മാനിക്വിനുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരിശീലനം നേടിയത്. കാഴ്ച വൈകല്യമുള്ളവരെ സയന്‍സ് സ്ട്രീമുകളിലേക്ക് സ്വീകരിക്കാത്ത ഇന്ത്യയില്‍ ഈ സംരംഭം മെഡിക്കല്‍ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു ഓപ്ഷനായി ഉയര്‍ന്നുവരുന്നതായി സൈറ്റ്കെയര്‍ ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് പറയുന്നു.