Featured The Origin Story

കാമിനി മൂലം… രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് ഇന്ത്യയിലെ കൊലപാതക കഥ, പ്രതിക്കുവേണ്ടി വാദിച്ചത് മുഹമ്മദ് അലി ജിന്ന

നഗരം. ദമ്പതികള്‍ സഞ്ചരിക്കുന്ന കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാര്‍. അത് ദമ്പതികളുടെ കാറിനെ തടഞ്ഞുനിര്‍ത്തുന്നു. കാറില്‍ നിന്നും ചാടിയിറങ്ങിയ അക്രമികള്‍ ഇരുവരെയും ആക്രമിക്കുകയും പുരുഷനെ വെടിവെച്ചു കൊല്ലുകയും സ്ത്രീയുടെ മുഖത്തു വെട്ടുകയും ചെയ്തു. ഏതോ ആക്ഷന്‍ സിനിമയുടെ പശ്ചാത്തലം പോലെ തോന്നിക്കുന്ന ഈ സംഭവം 1925 ജനുവരി 12 ന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബോംബെയില്‍ നടന്നതാണ്.

ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഈ കൊലപാതകം ഒരു ഇന്ത്യന്‍ നാട്ടുരാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ സംഭവം കഴിഞ്ഞദിവസം ബിബിസിയാണ് വീണ്ടും പ്രസിദ്ധപ്പെടുത്തിയത്. ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ഏറ്റവും സെന്‍സേഷണല്‍ കുറ്റകൃത്യം എന്നാണ് പത്രങ്ങളും മാസികകളും കൊലപാതകത്തെ വിശേഷിപ്പിച്ചത്.

25 വയസ്സുള്ള അബ്ദുള്‍ കാദിര്‍ ബാവ്‌ല എന്ന പ്രമുഖ ടെക്‌സ്റ്റൈല്‍ വ്യവസായിയും നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പല്‍ ഉദ്യോഗസ്ഥനുമായിരുന്നു കൊല്ലപ്പെട്ടത്. അദ്ദേഹത്തിനൊപ്പം ആക്രമണത്തിന് ഇരയായത് 22 കാരി മുംതാസ് ബീഗവും. ഒരു നാട്ടുരാജ്യത്തിന്റെ അന്തഃപുരത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ ദേവദാസിയായിരുന്നു മുംതാസ് ബീഗം. ഇവര്‍ ബാവ്‌ലയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു.

കൊലപാതകം നടന്ന ദിവസം വൈകുന്നേരം ബാവ്‌ലയും മുംതാസ് ബീഗവും മറ്റ് മൂന്ന് പേര്‍ക്കൊപ്പം അറബിക്കടലിന്റെ തീരത്തെ മലബാര്‍ ഹില്ലിലേയ്ക്ക് കാറില്‍ പോകുകയായിരുന്നു. ഇന്ത്യയില്‍ കാറുകള്‍ അപൂര്‍വ്വവും സമ്പന്നര്‍ക്ക് മാത്രമായി ചുരുങ്ങിയിരുന്ന കാലത്താണ് സംഭവം. അക്രമികളുടെ വെടിയേറ്റ് ബാവ്ല മരണമടഞ്ഞു. ഈ സമയത്ത് ഒരു ഗോള്‍ഫ് കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ അലസമായി വഴി തെറ്റി വന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ ശബ്ദം കേട്ട് ഓടി വരികയും കുറ്റവാളികളില്‍ ഒരാളെ പിടികൂടുകയും ബീഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ധനികനും യുവവ്യവസായിയുമായ ഒരു രാജാവും സുന്ദരിയായ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നതിനാല്‍ കേസ് സാധാരണ കൊലപാതക രഹസ്യത്തിന് അപ്പുറത്തേക്ക് പോയി. ധവല്‍ കുല്‍ക്കര്‍ണി എഴുതിയ ‘ദ ബവ്‌ല മര്‍ഡര്‍ കേസ്: ലവ്, ലസ്റ്റ് ആന്‍ഡ് ക്രൈം ഇന്‍ കൊളോണിയല്‍ ഇന്ത്യ’ എന്ന കൃതിയിലൂടെ കഥകള്‍ പുറത്തുവന്നു. അക്രമികളുടെ പശ്ചാത്തലം ഇന്‍ഡോറിലെ ഒരു നാട്ടുരാജ്യമായിരുന്നു.

സൗന്ദര്യത്താല്‍ പ്രശസ്തയായിരുന്ന മുംതാസ് ബീഗം ഇന്‍ഡോര്‍ നാട്ടുരാജ്യത്തെ മഹാരാജ തുക്കോജി റാവു ഹോള്‍ക്കര്‍ മൂന്നാമന്റെ അന്തഃപുര വാസിയായിരുന്നു. ബന്ധുക്കളെ പോലും കാണാന്‍ അനുവാദം കിട്ടാത്തവിധം ഇവര്‍ കൂട്ടിലടച്ച നിലയിലായി. ഇവരുടെ നീക്കങ്ങള്‍ ചാരന്മാരുടെ നിരീക്ഷണത്തിലായി.

ഇന്‍ഡോറില്‍, അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരിച്ചു. തുടര്‍ന്ന് അവര്‍ അമൃത്സറിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ ചാരന്മാരാല്‍ അവിടെയും അവര്‍ നിരീക്ഷിക്കപ്പെട്ടു. ഇതിനിടയില്‍ മഹാരാജാവ് കരഞ്ഞുകൊണ്ട് അവളോട് മടങ്ങിവരാന്‍ അപേക്ഷിച്ചു. എന്നാല്‍ അവള്‍ വിസമ്മതിക്കുകയും ബോംബെയിലേക്ക് മാറുകയും ചെയ്തു. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബാവ്ലയും മുംതാസും കണ്ടുമുട്ടിയത്. ബാവ്ല മുംതാസ് ബീഗത്തിന് അഭയം നല്‍കി. ബാവ്‌ലയെ മഹാരാജാവ് ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം അവഗണിച്ചു.

സംഭവസ്ഥലത്ത് നിന്ന് പിടികൂടിയ അക്രമി ഷാഫി അഹമ്മദിനെ വെച്ച് കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്തു. ബോംബെ ഹൈക്കോടതിയില്‍ പ്രതികള്‍ക്കായി ഹാജരായത് മുഹമ്മദ് അലി ജിന്നയായിരുന്നു. തന്റെ കക്ഷിയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ജിന്നയ്ക്ക് കഴിഞ്ഞു. പക്ഷേ മഹാരാജാവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ നിര്‍ത്തി. ബ്രിട്ടീഷ് സര്‍ക്കാര്‍ മഹാരാജാവിനെതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചു. ഒന്നുകില്‍ ഇന്ത്യയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകള്‍ പ്രകാരം ഒരു അന്വേഷണ കമ്മീഷനെ നേരിടുക അല്ലെങ്കില്‍ സ്ഥാനത്യാഗം ചെയ്യുക. രാജാവ് രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.

സ്ഥാനത്യാഗത്തിനുശേഷം, തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇഷ്ടത്തിന് വിരുദ്ധമായി ഒരു അമേരിക്കന്‍ സ്ത്രീയെ വിവാഹം കഴിച്ച് മഹാരാജാവ് കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. വിവാഹത്തിനുമുമ്പ് അവള്‍ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ, ഹോളിവുഡില്‍ നിന്ന് ഓഫറുകള്‍ ലഭിച്ച മുംതാസ് ബീഗം പിന്നീട് അമേരിക്കയിലേക്ക് പോയി അവിടെ ഭാഗ്യം പരീക്ഷിച്ചു. അതിനുശേഷം അവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *