Featured Sports

ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയു​മോ? സിംബാബ്‌വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക്‌ ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ്‌ എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ ഏഴ്‌ മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ്‌ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്‌.

നെറ്റ്‌ റണ്‍റേറ്റ്‌ -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്‌. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം ഗ്രൂപ്പ്‌ ജേതാക്കളെ തീരുമാനിക്കും. ഇന്ത്യന്‍ നിരയില്‍ ഒന്നിലധികം മാറ്റങ്ങളാണു പ്രവചിക്കുന്നത്‌. ചെപ്പോക്ക്‌ സ്‌റ്റേഡിയം ബാറ്റിങ്ങിന്‌ അനുകൂലമാണ്‌. കറുത്ത മണ്ണു കൊണ്ടുണ്ടാക്കിയ പ്രതലത്തിലാണു മത്സരം. ഇതേ പിച്ചിലാണ്‌ ന്യൂസിലന്‍ഡ്‌ അഫ്‌ഗാനിസ്‌ഥാനെതിരേ 183 റണ്‍ 17.5 ഓവറില്‍ പിന്തുടര്‍ന്നു നേടിയത്‌. കാലവസ്‌ഥയും മത്സരത്തിന്‌ അനുകൂലമാണ്‌. പിതാവിന്റെ അസുഖത്തെത്തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ മധ്യനിര ബാറ്റര്‍ റിങ്കു സിങ്‌ തിരിച്ചെത്തുമെന്നാണു സൂചന.

മടങ്ങിയെത്തുമെങ്കിലും താരത്തെ കളിപ്പിക്കാനില്ലെന്നാണു സൂചന. റിങ്കുവിനു പകരം മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിനെ ഉള്‍പ്പെടുത്താനുള്ള സാധ്യത സജീവമാണ്‌. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ വാഷിങ്‌ടണ്‍ സുന്ദറിനു പകരം കളിക്കും. സിംബാബ്‌വേ നിരയില്‍ വലംകൈയന്‍ ബാറ്റര്‍മാരുടെ എണ്ണക്കൂടുതലാണ്‌ അക്ഷറിനെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്‌. പേസര്‍മാര്‍ക്കു മെച്ചമില്ലാത്ത പിച്ചില്‍ ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവിന്‌ അവസരം നല്‍കാനും സാധ്യതയുണ്ട്‌.

സാധ്യതാ ടീം: ഇന്ത്യ- അഭിഷേക്‌ ശര്‍മ, സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്‌ (നായകന്‍), ശിവം ദുബെ, ഹാര്‍ദിക്‌ പാണ്ഡ്യ, റിങ്കു സിങ്‌/ തിലക്‌ വര്‍മ, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ്‌ സിങ്‌, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത്‌ ബുംറ.

ഇടംകൈയന്‍ പേസര്‍ റിച്ചാഡ്‌ എന്‍ഗാരാവ സിംബാബ്‌വേ നിരയിലെ പ്രധാന താരമാണ്‌. എന്‍ഗാരാവ പരുക്കിന്റെ പിടിയില്‍നിന്നു മോചിതനായതോടെ ഇടംകൈയന്‍ സ്‌പിന്നര്‍ വെല്ലിങ്‌ടണ്‍ മസകാഡ്‌സ പുറത്തിരിക്കും. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന മത്സരത്തിനിടെ കൈയ്‌ക്കു പരുക്കേറ്റെങ്കിലും നായകന്‍ സികന്ദര്‍ റാസ ഇന്നു കളിക്കും. ഓള്‍റൗണ്ടര്‍ റയാന്‍ ബളും കായിക ക്ഷമത വീണ്ടെടുത്തെന്നാണു സൂചന.

സാധ്യതാ ടീം: സിംബാബ്‌വേ- താഡിവന്‍ഷെ മാരുമാനി, ബ്രയാന്‍ ബെന്നറ്റ്‌, ഡിയോണ്‍ മായേഴ്‌സ്, റയാന്‍ ബള്‍, സികന്ദര്‍ റാസ (നായകന്‍), ടോണി മുനിയോങ, താഷിങ മുസെകിവ, ബ്രാഡ്‌ ഇവാന്‍സ്‌, ഗ്രെയിം ക്രാമര്‍, ബ്ലെസിങ്‌ മുസര്‍ബാനി, റിച്ചാഡ്‌ എന്‍ഗാരവെ.

നിലവിലെ -3.800 എന്ന റണ്‍റേറ്റ്‌ മെച്ചപ്പെടുത്തി ജയിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയോട്‌ 76 റണ്ണിനു തോറ്റതോടെയാണ്‌ റണ്‍റേറ്റ്‌ മൈനസിലെത്തിയത്‌. ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്യുകയാണെങ്കില്‍ 220 റണ്ണിന്‌ അടുത്തെടുക്കണം. 80 റണ്ണിനടുത്തു ജയിച്ചാല്‍ റണ്‍റേറ്റ്‌ ഉയരും. വെസ്‌റ്റിന്‍ഡീസ്‌ (5.350), ദക്ഷിണാഫ്രിക്ക (3.800) എന്നിവര്‍ ഇന്ത്യക്ക്‌ ഏറെ മുന്നിലാണ്‌. ഇന്ത്യ പിന്തുടരുകയാണെങ്കില്‍ സിംബാബ്‌വേയെ കുറഞ്ഞ സ്‌കോറിന്‌ (100-120) ഒതുക്കണം. ദക്ഷിണാഫ്രിക്കയോട്‌ 76 റണ്ണിനു തോല്‍ക്കാന്‍ കാരണം കോച്ച്‌ ഗൗതം ഗംഭീറിന്റെ പിടിവാശി മൂലമാണെന്നു മുന്‍ താരവും കമന്റേറ്ററുമായ സഞ്‌ജയ്‌ മഞ്ചരേക്കര്‍ പറഞ്ഞു. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പകരം വാഷിങ്‌ടണ്‍ സുന്ദറിനെ കളിപ്പിക്കുന്നതും ടീമിലെ ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിക്യവുമാണ്‌ മഞ്ചരേക്കര്‍ തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വാഷിങ്‌ടണ്‍ സുന്ദര്‍ അഞ്ചാം സ്‌ഥാനത്തു ബാറ്റ്‌ ചെയ്‌തതു പിഴവായി.

Leave a Reply

Your email address will not be published. Required fields are marked *