പത്തനംതിട്ട കോയിപ്രത്തെ യുവദമ്പതിമാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ മര്‍ദിച്ചെന്നരീതിയിലാണ് ആദ്യംവിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിന്റെ മറ്റൊരുചിത്രമാണ് തെളിയുന്നത്. മര്‍ദനമേറ്റവര്‍ക്ക് രണ്ടാംപ്രതിയായ രശ്മിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് രശ്മിയും ഭര്‍ത്താവ് ജയേഷും ഇരുവരെയും വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്നവിവരം.
ഭാര്യയുമായി യുവാക്കള്‍ക്കു വഴിവിട്ട ബന്ധമുണ്ടെന്നുള്ള സംശയത്തില്‍ ജയേഷാണ് മര്‍ദനം ആസൂത്രണംചെയ്‌തതെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒന്നിന് ആലപ്പുഴ നീലമ്പേരൂര്‍ ഈര സ്വദേശിയായ പത്തൊന്‍പതുകാരനെയും തിരുവോണ നാളില്‍ റാന്നി കക്കുടുമണ്‍ സ്വദേശിയായ 29 കാരനെയുമാണ് വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് ദമ്പതികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്.
കക്കുടുമണ്‍ സ്വദേശിയുടെ മൊഴി പ്രകാരം ആറന്മുള പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് നീലമ്പേരൂര്‍ സ്വദേശിക്കും മര്‍ദനമേറ്റെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാളുടെ മൊഴി വാങ്ങി വേറെ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. പീഡനത്തിന് ഇരയായ യുവാക്കള്‍ ബന്ധുക്കളും പ്രതിയായ ജയേഷിന്റെ സുഹൃത്തുക്കളുമാണ്.
കക്കുടുമണ്‍ സ്വദേശിയും രശ്‌മിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും ചാറ്റും രശ്‌മിയും ആലപ്പുഴക്കാരനുമായുള്ള വാട്‌സാപ്പ് ചാറ്റും കണ്ട ജയേഷ് ഇരുവരെയും വീട്ടില്‍ കൊണ്ടു വന്ന് പ്രതികാരം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കരാട്ടേ ബ്ലാക്ക്‌ബെല്‍റ്റുള്ളയാളാണ് ജയേഷ്. രശ്‌മിയെ കൊണ്ട് തന്നെ പുരുഷ സുഹൃത്തുക്കളെ പീഡിപ്പിച്ചത് ജയേഷിന്റെ ‘സൈക്കോ’ മനോഭാവം വെളിച്ചത്തു കൊണ്ടുവരുന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു.
തിരുവോണനാളിലാണ് റാന്നി സ്വദേശിയെ ജയേഷ് തന്നെ ബൈക്കില്‍ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്നത്. ഓണം ഇവിടെ ആഘോഷിക്കാമെന്നും തിരികെ വൈകിട്ട് റാന്നിയിലെ വീട്ടിലേക്ക് ഒന്നിച്ചുപോകാമെന്നും പറഞ്ഞാണ് കൊണ്ടുവന്നത്. എത്തിയ പാടെ യുവാവിന്റെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ അടിച്ചു. തുടര്‍ന്നു പ്ലാസ്‌റ്റിക് കയര്‍ ഉപയോഗിച്ച് വീടിന്റെ ഉത്തരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. ശരീരമാസകലം കമ്പി വടി കൊണ്ട് അടിച്ചു. പൈപ്പ് റേഞ്ച് ഉപയോഗിച്ച് നഖം പിഴുതെടുക്കാന്‍ ശ്രമിച്ചു. നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി. തുടര്‍ന്നാണ് ജനനേന്ദ്രിയത്തിലും പുറത്തും സ്‌റ്റാപ്ലര്‍ അടിച്ചത്. രശ്‌മിയെ കൊണ്ടാണ് ഇത് ചെയ്യിച്ചത്.
പീഡനദൃശ്യങ്ങള്‍ രശ്‌മിയെക്കൊണ്ട് മൊബൈലിലും പകര്‍ത്തിച്ചു. മണിക്കൂറുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ യുവാവിനെ സ്‌കൂട്ടറില്‍ നടുക്കിരുത്തി മുന്നിലും പിന്നിലും ജയേഷും രശ്‌മിയും കയറി കോഴഞ്ചേരി റാന്നി റോഡില്‍ പുതുക്കിപ്പണിയുന്ന പുതമണ്‍ പാലത്തിന് സമീപം ഉപേക്ഷിച്ചു. ഇവിടെയിട്ടും മര്‍ദിച്ചു.
യുവാവിന്റെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതാണെന്ന് വേണം പുറത്തറിയാനെന്നും അല്ലാത്തപക്ഷം പീഡനദൃശ്യങ്ങളും സ്വകാര്യദൃശ്യങ്ങളും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. അവശനിലയില്‍ റോഡരികില്‍ കണ്ട യുവാവിനെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എസ്.ഐ: വിഷ്‌ണുവാണ് മൊഴി എടുത്തത്. ജയേഷ് പറഞ്ഞു കൊടുത്തതു പോലെ മൊഴി നല്‍കിയതിനാല്‍ ആറന്മുള പോലീസ് ആദ്യം യുവാവിന്റെ കാമുകിയുടെ മൂന്നു ബന്ധുക്കളെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകി നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ജയേഷും രശ്‌മിയും തന്നെ വിളിച്ചു കൊണ്ടുപോയി അവനൊപ്പം ജീവിക്കാന്‍ ശ്രമിക്കേണ്ടെന്നു പറഞ്ഞെന്നായിരുന്നു കാമുകിയുടെ മൊഴി. ഇതു പ്രകാരം പോലീസ് വീണ്ടും ചോദ്യംചെയ്‌തപ്പോഴാണ് തന്നെ മര്‍ദിച്ചത് ജയേഷും രശ്‌മിയും ചേര്‍ന്നാണെന്നു യുവാവ് പറഞ്ഞത്. അപ്പോഴും തന്റെ ഭാഗത്ത് നിന്നുള്ള വീഴ്‌ചകള്‍ മറച്ചുവച്ചുള്ള മൊഴിയാണ് കൊടുത്തത്.
കഴിഞ്ഞ 12 ന് പോലീസ് രശ്‌മിയെയും ജയേഷിനെയും കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് ആലപ്പുഴക്കാരനെയും സമാനരീതിയില്‍ മര്‍ദിച്ചിരുന്നുവെന്ന കഥ പുറത്തു വന്നത്.
നീലംപേരൂര്‍ സ്വദേശിയായ യുവാവിനെ ഒന്നിന് ഉച്ചയ്‌ക്ക് 12.30 ന് മാരാമണില്‍ നിന്നും സ്വന്തം സ്‌കൂട്ടറില്‍ കയറ്റി ജയേഷ് വീട്ടിലെത്തിച്ചു. ക്രൂരമര്‍ദനം നടത്തി. കൈവശമുണ്ടായിരുന്ന രണ്ടു ഫോണും 19,000 രൂപയും കവര്‍ന്നു. പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയാണ് എടുത്തത്. 1000 രൂപ വണ്ടിക്കൂലിക്കെന്ന് പറഞ്ഞ് തിരികെ നല്‍കി. ഗുരുതര പരുക്കേറ്റ് അവശനിലയിലായ യുവാവിനെ റാന്നിയിലെ ഓട്ടോസ്‌റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു. യുവാവിന്റെ വലതു കണ്ണിന് മര്‍ദനമേറ്റ് കാഴ്‌ച ഭാഗികമായി നഷ്‌ടമായിട്ടുണ്ട്.
ഭാര്യയുടെ വഴിവിട്ട ബന്ധത്തില്‍ സംശയമുണ്ടായിരുന്ന ജയേഷ് പ്രതികാരം അവരുടെ കൈ കൊണ്ട് ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. പരുക്കേറ്റ യുവാക്കള്‍ മൊഴികള്‍ മാറ്റിപ്പറയുന്നതും അന്വേഷണസംഘത്തെ കുഴക്കിയിട്ടുണ്ട്. പ്രതികള്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.




