Oddly News

ഭീകരനാണിവന്‍ ! ഭാരംകൊണ്ട് ഭൂമിയുടെ ഭ്രമണവേഗം കുറച്ച ഒരു അണക്കെട്ട്

ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും എന്ത് നടക്കുന്നുവെന്ന് കണ്ടെത്താനായി സാധിച്ചിട്ടുണ്ടെങ്കിലും ഭൂമിയില്‍ സ്വാഭാവികമായി നടക്കുന്ന എന്തിനെയെങ്കിലും നിയന്ത്രിച്ച് നിര്‍ത്താനായി മനുഷ്യന് സാധിക്കുമോ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. ഭൂമിയുടെ കറക്കത്തെ പോലും സ്വാധീനിക്കാനായി മനുഷ്യര്‍ക്ക് സാധിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ചൈനയില്‍ നിര്‍മിച്ച ഒരു അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതകുറച്ച് ദിവസങ്ങളുടെ ദൈര്‍ഘ്യം പോലും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയിലെ ത്രീ ഗോര്‍ജസ് എന്ന ഡാമാണ് ഇതിന് കാരണക്കാരന്‍.

ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്‌സെ നദിയിലാണ് ത്രീ ഗോര്‍ജസ് അണക്കെട്ട്‌ നിര്‍മിച്ചിട്ടുള്ളത്. വെള്ളപ്പൊക്കം നിയന്ത്രിക്കുകയെന്നതായിരുന്നു ഇതിന്റെ നിര്‍മാണോദ്ദേശം. പതിറ്റാണ്ടുകളെടുത്താണ് ഇതിന്റെ നിര്‍മിതി പൂര്‍ത്തീകരിച്ചത് . അണക്കെട്ട് നിര്‍മിക്കിപ്പെട്ടതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത 0.06 മൈക്രോ സെക്കന്‍ഡുകള്‍ വര്‍ധിച്ചുവെന്ന് നാസ സ്ഥിരീകരിക്കുന്നു.

ഡാമിന് 2335 മീറ്റര്‍ നീളവും 185 മീറ്റര്‍ ഉയരവുമാണുള്ളത്. 10 ട്രില്യണ്‍ ഗാലണ്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് അണക്കെട്ടിന്റെ റിസര്‍വോയറിനുള്ളത്. അധികഭാരം കാരണം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത മന്ദഗതിയിലായത്തോടെ ദിവസം പൂര്‍ത്തിയാകാനായി 0.06 മൈക്രോ സെക്കന്റ് അധികമായി വേണ്ടിവരുന്നു. പമ്പരം കറങ്ങുമ്പോള്‍ അതിന് മുകളിൽ ചെറിയ ഭാരം വച്ചാൽ പമ്പരത്തിന്റെ കറക്കത്തിന്റെ വേഗത കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതിന് സമാനമായ രീതിയിലാണ് അണക്കെട്ട് ഭൂമിക്കുമേല്‍ പ്രവര്‍ത്തിച്ചത്. ഭൂമിയുടെ ധ്രുവസ്ഥാനത്തെ ഏകദേശം 2 സെന്റിമീറ്റര്‍ (0.8 ഇഞ്ച്) മാറ്റാനും അങ്ങനെ ഭൂമിയെ ഒന്നുകൂടി ഉരുട്ടിയെടുക്കാനും അണക്കെട്ടിന് സാധിച്ചിട്ടുണ്ട്.

പ്രകൃതി ദുരന്തങ്ങള്‍, ചന്ദ്രന്റെ സ്വാധീനം എന്നിവ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയില്‍ പ്രതിഫലിക്കാറുണ്ട്.അണക്കെട്ട് മൂലം വേഗത കുറഞ്ഞത് താരതമ്യേന നിസ്സാര കാര്യമാണ്. കണക്കുകള്‍ അത്ര വലുതായി തോന്നില്ലെങ്കിലും ഒരു മനുഷ്യ നിര്‍മിതിയ്ക്ക് ഇത്രമാത്രം ചെയ്യാനായി സാധിക്കുമെന്നതാണ് പ്രധാനം. വെളളപ്പൊക്കം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ അണക്കെട്ടിന് സാധിച്ചു. എന്നാല്‍ റിസര്‍വോയറിന്റെ നിര്‍മാണത്തിന്റെ സമയത്ത് ഒരു പാട് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു.കൃഷിയിടങ്ങള്‍ നാശമാവുകയും ചെയ്തു.