Oddly News

ജയില്‍പ്പുള്ളികളില്ല, നെതർലൻഡ്‌സിൽ തടവറകള്‍ ശൂന്യമാകുന്നു ! എവിടെപ്പോയി കുറ്റവാളികള്‍?

കേരളത്തിലെ 57 ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന 6000 പേരുടെ ഇരട്ടി കുറ്റവാളികളാണ് ഇന്ന് ജയിലുകള്‍ക്കുള്ളിലുള്ളത്. പല രാജ്യങ്ങളും തിങ്ങിനിറഞ്ഞ ജയിലുകളുമായി ബുദ്ധിമുട്ടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് നേരിടുന്നത് സവിശേഷമായ മറ്റൊരു വെല്ലുവിളിയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ഡച്ച് ജയിലുകളിലുള്ളത് ശൂന്യമായ സെല്ലുകളാണ്.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് 19 ജയിലുകള്‍ അടച്ചുപൂട്ടി, കൂടുതല്‍ ജയിലുകള്‍ അടുത്ത വര്‍ഷം അടച്ചുപൂട്ടും. ഇത് എങ്ങനെ സംഭവിക്കുന്നു? ജയിലുകള്‍ അടച്ചുപൂട്ടുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്. ഒരു ദശാബ്ദം മുമ്പ്, യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജയില്‍പ്പുള്ളികള്‍ രാജ്യങ്ങളിലൊന്നായിരുന്നു നെതര്‍ലന്‍ഡ്‌സ്, എന്നാല്‍ ഇപ്പോള്‍ അത് ഏറ്റവും കുറഞ്ഞ എണ്ണം തടവറകളാണ് ഇവിടെയുള്ളത്.

നെതർലൻഡ്‌സിലെ ജയിലുകൾ ശൂന്യമാക്കുന്നതിലെ ഒരു പ്രധാന ഘടകം അക്രമസ്വഭാവമില്ലാത്ത കുറ്റകൃത്യങ്ങൾക്ക് ചെറിയ ശിക്ഷ നടപ്പിലാക്കിയതാണ്. രാജ്യത്തെ മൊത്തം കസ്റ്റഡി ശിക്ഷകളിൽ അമ്പത്തിയഞ്ച് ശതമാനവും ഒരു മാസത്തിൽ താഴെയും മുക്കാൽ ഭാഗവും മൂന്ന് മാസത്തിൽ താഴെയുമാണ്. കൂടാതെ, ഡച്ച് ക്രിമിനൽ നീതിന്യായ വ്യവസ്ഥ ശിക്ഷാ നടപടികളിലൂടെ കുറ്റവാളികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതുള്‍പ്പെടയുള്ള കാര്യങ്ങളില്‍ പുനരധിവാസത്തിനാണ് ഊന്നൽ നൽകുന്നത്. ഇതിലൂടെ കുറ്റവാളിയില്‍നിന്നുണ്ടാകാവുന്ന മറ്റൊരു കുറ്റകൃത്യം തടയുകയും, ശിക്ഷയ്ക്കുശേഷമുള്ള മാനസിക ബുദ്ധിമുട്ടുകളേയും അതുവഴി വരുന്ന സാമൂഹിക പ്രശ്നങ്ങളേയും നേരിടാന്‍ വരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള ആധുനിക ഉപകരണമായി നെതർലാൻഡ്‌സ് ഇലക്ട്രോണിക് ടാഗിംഗ് ഉപയോഗിക്കുന്നു. കണങ്കാലിൽ ഘടിപ്പിച്ചിരിക്കുന്ന ഈ സിസ്റ്റം വ്യക്തിയുടെ ചലനങ്ങൾ തത്സമയം ട്രാക്ക് ചെയ്യും. കുറ്റവാളികൾ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുമ്പോഴും ഈ ടാഗുകൾ ഉപയോഗിച്ച് അവരെ നിരീക്ഷിക്കാനാവും. തുര്‍ന്ന് അവരുടെ ദൈനംദിന ജീവിതത്തിലേക്ക് മടങ്ങാൻ അവരെ അനുവദിക്കുന്നു.

2014 മുതല്‍, 23 ജയിലുകള്‍ അടച്ചുപൂട്ടി, താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍, പാര്‍പ്പിടം, ഹോട്ടലുകള്‍ എന്നിവയായി മാറി. രസകരമെന്നു പറയട്ടെ, ആംസ്റ്റര്‍ഡാമിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഒഴിഞ്ഞ ജയില്‍ ഒരു ആഡംബര ഹോട്ടലായി രൂപാന്തരപ്പെട്ടു, അതിന്റെ നാല് പ്രീമിയം സ്യൂട്ടുകള്‍ ദ ലോയര്‍, ദി ജഡ്ജ്, ദി ഗവര്‍ണര്‍, ദി ജയിലര്‍ എന്നിങ്ങനെ രസകരമായ പേരുകളാണുള്ളത്.