Oddly News

സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ബാലന്‍, കാരണം അറിഞ്ഞോ ?

സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 15000 ഡോളര്‍ (ഏകദേശം 12,47,870 രൂപ) വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ചൈനീസ് ബാലന്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗാനില്‍ ഡിസംബറിലാണ് സംഭവം നടന്നത്. 100 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റാണ് കുട്ടി തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്.

ഇത് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും ഞെട്ടിയിരുന്നു. ഒരു ചുവന്ന ബോക്സുമായാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ എത്തിയത്. എന്താണ് ഇതിനുള്ളിലെന്ന് കുട്ടിയോട് അമ്മ ചോദിച്ചു. തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് ബോക്സ് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്‌കറ്റ് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ വിവരം ആണ്‍കുട്ടിയുടെ വീട്ടിലറിയിക്കുകയായിരുന്നു. ഈ സ്വര്‍ണ ബിസ്‌കറ്റ് മകന്റെ ഭാവി വധുവിന് ഉള്ളതാണെന്ന് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയോട് ഒരിക്കല്‍ പറഞ്ഞിരുന്നു. ഇത് ഓര്‍ത്തിരുന്നാണ് കുട്ടി സ്വര്‍ണ്ണബിസ്‌കറ്റ് തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്.