പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എങ്കിലും വയസ്സാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നതിലൂടെ മാത്രമേ ജീവിതം സുന്ദരമാകൂ.നിങ്ങള്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ആരോഗ്യത്തോടെയാണോയെന്ന് മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു ചെറിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം.
അതിനായി ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇങ്ങനെ എത്ര നേരം നില്‍ക്കാന്‍ സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. 50 വയസ്സ് കഴിയുമ്പോഴേക്കും ഇത്തരത്തില്‍ ഒരു കാലില്‍ നില്‍ക്കാനാവുന്ന നേരത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വരുമെന്ന് പഠനം വ്യക്തമാക്കുന്നു.
ഈ പഠനം നടത്തിയതാവട്ടെ 50 വയസ്സുകഴിഞ്ഞ 40 പേരിലാണ്. ഇതില്‍ പകുതി ആളുകളും 65 വയസ്സിന് താഴെ പ്രായമുള്ളവരും ശേഷിക്കുന്നവര്‍ 65 ന് മുകളില്‍ പ്രായമുള്ളവരുമാണ്.65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അവരുടെ പ്രബലമായ കാലില്‍ 2.2 സെക്കന്‍ഡും പ്രബലമല്ലാത്ത കാലില്‍ 1.7 സെക്കന്‍ഡും ശരാശരി ബാലന്‍സ് ചെയ്ത് നില്‍ക്കാനായി സാധിച്ചുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് അവരുടെ ശരീരം ആടാന്‍ തുടങ്ങിയതായും ഗവേഷകര്‍ നിരീക്ഷിച്ചു.
ഇത്തരത്തില്‍ വാര്‍ധക്യത്തില്‍ കുറഞ്ഞ് വരുന്ന ഒന്നാണ് കൈയുടെ മുറുകെ പിടിക്കാനുള്ള കഴിവും കാല്‍മുട്ടുകളുടെ ശക്തിയും. ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്ത് അധിക നേരം നില്‍ക്കാനായി സാധിക്കാത്തവര്‍ക്ക് പിന്നീട് വീഴ്ചകളില്‍ പരുക്ക് പറ്റാനുള്ള സാധ്യത അധികമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഒറ്റക്കാലില്‍ 30 സെക്കന്‍ഡ് നേരമെങ്കിലും നില്‍ക്കാനായി സാധിക്കുന്നത് ആരോഗ്യത്തിന്റെ സൂചനയായാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.