Featured Lifestyle

14-ാം വയസ്സിൽ കുഞ്ഞിന്റെ അമ്മയായി; അച്ഛനു പ്രായം 12; അനുകരിക്കരുതെന്ന ഉപദേശവുമായി പെൺകുട്ടി!

അസാധാരണമെന്ന് തോന്നുന്ന രീതിയിലുള്ള വാർത്തകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് യുഎസിലെ അർകൻസാസിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ 15 വയസ്സുകാരി ബെല്ലയും 13കാരനായ ഹണ്ടറും മാതാപിതാക്കളായ വിവരം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ബെല്ല ഗർഭിണിയാകുമ്പോൾ ഹണ്ടർക്ക് വെറും 12 വയസ്സായിരുന്നു പ്രായം. ഈ വാർത്തയറിഞ്ഞപ്പോൾ ഇരു കുടുംബങ്ങളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്; ബെല്ലയുടെ മാതാപിതാക്കൾ മകൾക്ക് പൂർണ്ണ പിന്തുണ നൽകിയപ്പോൾ ഹണ്ടറിന്റെ വീട്ടുകാർ ഗർഭച്ഛിദ്രത്തിനായി സമ്മർദ്ദം ചെലുത്തി. എന്നാൽ കുഞ്ഞിന് ജന്മം നൽകണമെന്ന തീരുമാനത്തിൽ ബെല്ല ഉറച്ചുനിൽക്കുകയായിരുന്നു.

കൗമാരപ്രായത്തിലെ സ്വന്തം അനുഭവം ബെല്ല ഒരു റിയാലിറ്റി ഷോയിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ മാർച്ചിൽ തനിക്ക് 14 വയസ്സുള്ളപ്പോഴാണ് ബെല്ല ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ഷോയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയർന്നു. ഒരു കുഞ്ഞിന് മറ്റൊരു കുഞ്ഞ് എന്നത് ചിന്തിക്കാൻ പോലും പ്രയാസമാണെന്നും ഇത് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും പലരും കുറിച്ചു.

മകൾ ഗർഭിണിയാണെന്ന വാർത്ത ഒരു പേടിസ്വപ്നം പോലെയാണ് താൻ കേട്ടതെന്ന് ബെല്ലയുടെ അമ്മ ഫാലൺ ഓർത്തെടുക്കുന്നു. തുടക്കത്തിൽ മകളെ വഴക്കുപറഞ്ഞെങ്കിലും പിന്നീട് അവൾക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ ബെല്ല തന്റെ പുതിയ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഇത്ര ചെറിയ പ്രായത്തിൽ അമ്മയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തനിക്കു പറ്റിയ തെറ്റ് മറ്റ് പെൺകുട്ടികൾക്ക് സംഭവിക്കരുതെന്നും ബെല്ല ഓർമ്മിപ്പിക്കുന്നു. കൗമാരത്തിലെ മാതൃത്വം വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഒരു കുഞ്ഞിനെ വളർത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും സ്വന്തം ജീവിതാനുഭവത്തിലൂടെ ബെല്ല വ്യക്തമാക്കുന്നു.