Oddly News

വിമാനത്തില്‍ കിട്ടിയ സാന്‍ഡ്‌വിച്ചില്‍ സ്ക്രൂവും നട്ടും; ഉത്തരവാദിത്തം ഇല്ലെന്ന് ഇന്‍ഡിഗോ അധികൃതര്‍

ബംഗലൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ എയർലൈൻസിൽ വിതരണം ചെയ്‌ത സാൻഡ്‌വിച്ചിൽ നിന്നും സ്കൂവും നട്ടും കിട്ടിയതായി സമൂഹമാധ്യമത്തില്‍ പോസ്‌റ്റ്. ചിത്രം സഹിതമാണ് സാൻഡ്‌വിച്ചിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പാതി കഴിച്ച സാൻഡ്‌വിച്ചിൽ സ്കൂവും ഒപ്പം നട്ടും ഇരിക്കുന്നത് ഫോട്ടോയില്‍ വളരെ വ്യക്‌തമായി കാണാം.

റെഡിറ്റിലൂടെയാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. യാത്രാവേളയില്‍ ട്രെയിനിൽവച്ചും വിമാനത്തിൽവച്ചും കിട്ടുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ചുള്ള നല്ല കാര്യങ്ങളും മോശംകാര്യങ്ങളും പൊതുവെ സമൂഹമാധ്യമത്തില്‍ ചർച്ചയാവാറുണ്ട്. ഇക്കാര്യത്തിലും പോസ്റ്റ് അതിവേഗമാണ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് സംഭവം നടക്കുന്നത്. എന്നാല്‍ ഇവർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് സാൻഡ്‌വിച്ച് കഴിക്കുന്നത്. ഇൻഡിഗോ എയർലൈൻസിനെ സംഭവം അറിയിച്ചതായും ഇവർ വ്യക്തമാക്കി. എന്നാൽ വിമാനത്തില്‍വച്ചല്ല സംഭവമുണ്ടായത് എന്നതിനാൽ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതര്‍ അറിയിച്ചതായും വ്യക്തമാക്കി. ഈ പോസ്റ്റിനു പിന്നാലെ പതിവുപോലെ പലരും സമാനാനുഭവങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഭക്ഷണത്തിൽ നിന്നും പ്രാണികളും കീടങ്ങളും പാറ്റകളും ലഭിച്ച യാത്രകളടകക്കമുള്ള അനുഭവങ്ങൾ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിറയുന്നു.