Movie News

മമ്മൂട്ടി മൂന്ന് വേഷത്തിലെത്തി ഞെട്ടിച്ച ‘പാലേരി മാണിക്യം’ 4k പതിപ്പ് പ്രദർശനത്തിന്

മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്.

2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടി. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.

മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ,ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ. നിർമ്മാണം-മഹാ സുബൈർ,ഏ വി അനൂപ്,ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ.

പഴയ ശ്രദ്ധേയ സിനിമകളുടെ റീ- റിലീസുകള്‍ ഇക്കാലത്ത് ട്രെന്‍ഡിങ്ങാണ്. തമിഴ് സിനിമയിലാണ് കൂടുതലായി റീ റിലീസുകള്‍ സംഭവിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ ‘സ്ഫടികം’റീ-റിലീസിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. പിന്നാലെയാണ് മമ്മൂട്ടിയുടെ ചിത്രം എത്തുന്നത്.