Movie News

ലിയോയെയും ലോകേഷിനെയും വിമര്‍ശിച്ച് വിജയ് യുടെ പിതാവ് ; ചില രംഗങ്ങള്‍ നെഗറ്റീവായി മാറുന്നു

തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് എസ്.എ.ചന്ദ്രശേഖര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താന്‍ സിനിമയെ അഭിനന്ദിക്കാന്‍ ഒരു സംവിധായകനെ വിളിച്ച വിവരം എസ്എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക പോയിന്റ് പറയാന്‍ ആരംഭിച്ചതും സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തശേഷം രക്ഷപ്പെട്ടെന്നാണ് വിജയ് യുടെ പിതാവ് പറഞ്ഞത്. പരിപാടിയില്‍ താന്‍ അറിയപ്പെടുന്ന സംവിധായകനെ വിളിച്ചതിന്റെ റെക്കോഡ് ചെയ്ത ഫോണ്‍കോള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു.

”തമിഴില്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമ റിലീസിംഗിന് അഞ്ചുദിവസം മുമ്പ് കാണാന്‍ അവസരം കിട്ടി. സിനിമ കണ്ടശേഷം സംവിധായകനെ വിളിച്ചു. സിനിമയുടെ ആദ്യപകുതി വളരെ രസകരമാണെന്ന് പറഞ്ഞു. ആള്‍ക്കാര്‍ സിനിമ എങ്ങിനെ ചെയ്യണമെന്ന് ഈ സംവിധായകനില്‍ നിന്നും പഠിക്കണമെന്നും പറഞ്ഞു. അതുവരെ സംവിധായകന്‍ വളരെ വിനയത്തോടെയാണ് പെരുമാറിയത്. എന്നാല്‍ സിനിമയുടെ നെഗറ്റീവ് കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയതും സംവിധായകന്‍ താന്‍ വളരെ ബിസിയാണെന്നും ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ഓടി.

സിനിമയിലെ നരബലിയും പൂജയുമൊക്കെ കാണിക്കുന്ന ഭാഗം നന്നായില്ല എന്നായിരുന്നു ചന്ദ്രശേഖര്‍ പറഞ്ഞത്. സമ്പത്തിന് വേണ്ടി ഒരപ്പന്‍ മകനെ ബലി കഴിക്കുന്നത് ജനങ്ങള്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. സിനിമ പുറത്തുവന്നതിന് ശേഷം ഏറെ വിമര്‍ശിക്കപ്പെട്ടത് ഇതിന്റെ പേരിലായിരുന്നു എന്നും എന്നാല്‍ തന്നെ കേള്‍ക്കാന്‍ സംവിധായകന്‍ തയ്യാറായില്ലെന്നും പറഞ്ഞു. ഇത്തരം ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ സ്വീകരിക്കാനുള്ള ധൈര്യവും പക്വതയും ആര്‍ക്കുമില്ലെന്നും സംവിധായകന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.

സംവിധായകന്റെ പേരോ സിനിമ ഏതെന്നോ ചന്ദ്രശേഖര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ചന്ദ്രശേഖര്‍ അഭിപ്രായം പറഞ്ഞ സിനിമ മകന്‍ വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ‘ലിയോ’ ആണെന്നും സംവിധായകന്‍ ‘ലോകേഷ് കനകരാജ്’ ആണെന്നും വ്യക്തമായി. സിനിമയിലെ ചില പ്രത്യേക സീനുകളെകുറിച്ച് പറഞ്ഞപ്പോഴാണ് സംവിധായകന്‍ അസഹിഷ്ണു ആയത്.