Celebrity

‘അച്ഛനും അമ്മയുമൊക്കെ മോശം ആള്‍ക്കാരാണെങ്കിലും ആ മോള്‍ നന്നായിട്ടാ വളരുന്നത്…’ നാട്ടുകാരുടെ കമന്റിനെപ്പറ്റി കനി കുസൃതി

മലയാള സിനിമയില്‍ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ഏതൊരു കലാകാരിയും കലാകാരനും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇന്നത്തെക്കാലത്ത് പല അഭിനേത്രികളും തങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സു തുറന്നു പറയാനുള്ള തന്റേടം കാണിക്കാറുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു താരമാണ് കനി കുസൃതി. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്, ചലച്ചിത്ര നടി, മോഡല്‍ എന്നീ നിലകളിലെല്ലാം ഏറെ പ്രശ്‌സതയാണ് കനി. അഭിനയം കൊണ്ടും നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെടാറുണ്ട് കനി കുസൃതി.

നാടക രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന് മലയാളത്തിലും മറ്റ് ഭാഷകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം. മലയാള സിനിമകളില്‍ വളരെ ചുരുക്കം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ ശ്രദ്ധ നേടിയ പ്രതിഭയുടെ വേറിട്ടൊരു മുഖമാണ് താരം. ആക്ടിവിസ്റ്റായ സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ഡോ. ജയശ്രീയുടെയും മകളായ കനി ഒരു അഭിമുഖത്തില്‍ അച്ഛൻ മൈത്രേയനെ കുറിച്ചു പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എപ്പോഴും തന്റെ നിലപാടുകള്‍ വളരെ വ്യക്തതയോടെ സംസാരിക്കുന്ന താരം പ്രണയം, പാര്‍ട്ണര്‍ഷിപ് എന്നിവയെ കുറിച്ചെല്ലാം പലപ്പോഴും തുറന്നു സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തിത്വരൂപീകരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് കനി.

ഏതു പ്രായത്തിലാണ് ഇങ്ങനെയൊരു ചിന്ത മനസ്സിലേക്ക് വരുന്നതെന്ന അവതാരകയുടെ ചോദ്യത്തിനാണ് കനി തുറന്നു സംസാരിക്കുന്നത്. ‘‘12 ത്തില്‍ പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് അങ്ങനെയൊരു തിരിച്ചറിവ് വന്നത്. 16 വയസ്സു വരെ ആര്‍ക്കും വിഷമം വരണ്ട എന്നു കരുതി ഒന്നും പറയാറില്ലായിരുന്നു. എനിക്കെന്താണ് വേണ്ടതെന്ന് ആലോചിച്ചിട്ടേയില്ല. എല്ലാവര്‍ക്കും നല്ലത് എന്ന രീതിയില്‍ മാത്രമേ ചിന്തിച്ചിട്ടുള്ളൂ. അന്നൊക്കെ എന്റെ വീടിന്റെ അടുത്തുള്ളവരും അകന്ന ബന്ധുക്കളുമൊക്കെ എപ്പോഴും പറയുമായിരുന്നു, ‘‘ആ അച്ഛനും അമ്മയുമൊക്കെ മഹാ മോശം ആള്‍ക്കാരാണെങ്കിലും ആ മോള്‍ നന്നായിട്ടാ വളരുന്നത്…’’ എന്നൊക്കെ. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, ഓ, ഇതിന്റെ ഉത്തരവാദിത്ത​മൊക്കെ എനിക്കാണെന്ന്.

നല്ല കുട്ടിയായി ജീവിക്കണം എന്നൊക്കെ. നല്ല കുട്ടി എന്നു പറഞ്ഞാല്‍ എത്ര മണിക്ക് വീട്ടില്‍ വരുന്നു, എന്ത് ഉടുപ്പ് ഇടണം, ആണ്‍കുട്ടികളോട് സംസാരിക്കാന്‍ പാടില്ല എന്നൊക്കെയാണത്. അതൊക്കെ കാണിച്ചിട്ട് ഇപ്പോള്‍ ഞാനോര്‍ക്കും എന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ എത്ര അടിപൊളിയായിട്ടാണ് ജീവിച്ചിരുന്നത് എന്ന്. ഈ പുതിയ തലമുറ ഭയങ്കര രസകരമാണ്. അവരെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും…’’ കനി കുസൃതി പറയുന്നു.