Sports

ലാലിഗയില്‍ കാലിടറിയിട്ടും വരുമാനത്തില്‍ മുന്നില്‍ റയല്‍ മാഡ്രിഡ് ; പിന്നിലാക്കിയത് മാഞ്ചസ്റ്റര്‍ സിറ്റിയെ

ലോകഫുട്‌ബോളില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഓഡിറ്റിംഗ് സ്ഥാപനമായ ഡിലോയിറ്റിന്റെ വിശകലനം അനുസരിച്ച് 2022-23 സീസണില്‍ റയല്‍മാഡ്രിഡ് 831 ദശലക്ഷം യൂറോയ്ക്ക് മുകളില്‍ വരുമാനം സൃഷ്ടിച്ചതായിട്ടാണ് വിവരം. പണക്കൊയ്ത്തില്‍ റയല്‍ പിന്നിലാക്കിയത് ഇംഗ്‌ളണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയെ ആയിരുന്നു.

826 മില്യണ്‍ യൂറോയുടെ റെക്കോഡ് വരുമാനം സിറ്റി ഉണ്ടാക്കി. കഴിഞ്ഞ സീസസണില്‍ കോപ്പ ഡെല്‍ റേ, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് വേള്‍ഡ് എന്നിവ റയല്‍ നേടിയിരുന്നു. പക്ഷേ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടു തോല്‍ക്കുകയും ലാ ലിഗയില്‍ ബാഴ്സലോണയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താകുകയും ചെയ്തിരുന്നു. 2017-18 ന് ശേഷം ആദ്യമായിട്ടാണ് റയല്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. പാരിസ് സെന്റ് ജെര്‍മെയ്ന്‍ (802 മില്യണ്‍ യൂറോ), ബാഴ്സലോണ (800 മില്യണ്‍), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (746 മില്യണ്‍ യൂറോ) എന്നിവരാണ് വരുമാനകാര്യത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയത്.

ജര്‍മ്മന്‍ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ആറാമത്. 704 ദശലക്ഷം യൂറോയാണ് ബയേണ്‍ മ്യൂണിക്കിന്റെ വരുമാനം. ഇംഗ്‌ളീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍, ടോട്ടന്‍ഹാം, ചെല്‍സി, ആഴ്‌സനല്‍, എന്നിവയും ആദ്യ പത്തില്‍ ഇടം നേടി. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്താനാകുകയും അവസാന 16 ഘട്ടത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുകയും ചെയ്ത ലിവര്‍പൂള്‍ 683 മില്യണ്‍ യൂറോ വരുമാനമുണ്ടാക്കി. ആദ്യ 20 ക്ലബ്ബുകളുടെ ശരാശരി വരുമാനം 500 ദശലക്ഷം യൂറോയില്‍ കൂടുതലാണ്. മികച്ച 20 ക്ലബ്ബുകള്‍ക്കുള്ള വരുമാനം 14% വര്‍ധിച്ച് 10.5 ബില്യണ്‍ യൂറോ ആയി ഉയര്‍ന്നു. ലെസ്റ്റര്‍ സിറ്റി, ലീഡ്സ് യുണൈറ്റഡ്, എവര്‍ട്ടണ്‍ എന്നിവ ആദ്യ 20-ല്‍ നിന്ന് പുറത്തായി, അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 10 ക്ലബ്ബുകളെങ്കിലും അവതരിപ്പിച്ചതിന് ശേഷം പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ എണ്ണം എട്ടായി കുറഞ്ഞു.

ഹാമേഴ്സ്, ലിവര്‍പൂള്‍, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവ മാത്രമാണ് വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയ ആദ്യ 20 ടീമുകള്‍. യുവന്റസ് (432.4 മി യൂറോ), ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (420 മി യൂറോ), എസി മിലാന്‍ (385.3 മി യൂറോ), ഇന്റര്‍ മിലാന്‍ (378.9 മി യൂറോ), അത്ലറ്റിക്കോ മാഡ്രിഡ് (364.6 മി. യൂറോ), ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് (293.5ാ യൂറോ), ന്യൂകാസില്‍ (287.8 യൂറോ), വെസ്റ്റ് ഹാം (275.1 മി യൂറോ), നാപ്പോളി (267.7 മി. യൂറോ), മാര്‍സെയി (258.4 മി യൂറോ) എന്നിവയാണ് പട്ടികയില്‍ ആദ്യം നില്‍ക്കുന്ന 20 ക്ലബ്ബുകള്‍.