Healthy Food

മുമ്പനാണ് കുമ്പളങ്ങ; നിത്യവും രാവിലെ കുമ്പളങ്ങ ജ്യൂസ് കഴിച്ചുനോക്കൂ ഈ രോഗങ്ങള്‍ പമ്പകടക്കും

തൊടിയിലെ പ്ലാവിന്റെയും മാവിന്റെയുമൊക്കെ ചില്ലകളില്‍ തൂങ്ങിയാടുന്ന ചാരനിറമുള്ള കുമ്പളങ്ങ കാഴ്ചയ്ക്കു കൗതുകമാണ്. ഈ ചെറുവള്ളിയില്‍ അഞ്ചും പത്തും കിലോ ഭാരമുള്ള കുമ്പളങ്ങ വീഴാതെ മൂത്ത് പാകമാകും. മലയാളിയുടെ പച്ചക്കറികളുടെ കൂട്ടത്തില്‍ മുമ്പനാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും അതേ കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളവും.

അധികം മൂക്കത്ത കുമ്പളങ്ങയാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുത്ത ഇളവന്‍ എന്ന് പേരിട്ടാണ് സദ്യവട്ടത്തിലെ ഓലന്‍ എന്ന വിഭവം തയ്യാറാക്കുന്നത്. കുമ്പളങ്ങ ചെറുകഷണങ്ങളാക്കി മലയാളിയുടെ ഇഷ്ടവിഭവങ്ങളായ സാമ്പാറിലും മോരുകറിയിലും അവിയലിലും ഉപയോഗിക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് ഔഷധഗുണമേറെയുള്ള കുമ്പളങ്ങ ചേര്‍ത്ത കറികള്‍ ആരോഗ്യത്തിന് ഉത്തമമവുമാണ്.

ഔഷധഗുണം

രക്തശുദ്ധിക്കും രക്തം പോക്ക് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കുമ്പളങ്ങ പ്രതിവിധിയാണ്. ആന്തരാവയവങ്ങളില്‍ നിന്നുള്ള രക്തസ്രാവം നിര്‍ത്തുവാന്‍ കുമ്പളങ്ങ സിദ്ധൗഷധമാണ്. കുമ്പളങ്ങയുടെ നീര് കുടിക്കുകയും കഷണങ്ങള്‍ ചെന്നികളില്‍ വെച്ചുകെട്ടാവുന്നതാണ്. മനോരോഗങ്ങളിലും അപസ്മാരത്തിലും കുമ്പളങ്ങനീര് പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. കുമ്പളങ്ങയുടെ കുരു വിരയ്ക്കും കൃമിശല്യത്തിനുമുള്ള ശമന ഔഷധമാണ്. ശര്‍ക്കരയിലിട്ട കുമ്പളങ്ങ മൂലക്കുരുവിനും ഗ്രഹണിക്കും നല്ലതാണ്. നന്നായി മൂത്രവും മലവും പോകുന്നതിനും ദുര്‍മേദസിനെ അലിയിച്ചു കളയുന്നതിനും നിത്യവും രാവിലെ കുമ്പളങ്ങ ജ്യൂസ് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. മൂത്രസഞ്ചിയില്‍ നിന്നും മൂത്രം ഒഴിഞ്ഞുപോവുന്നതിന് കുമ്പളങ്ങനീര് സഹായിക്കും.

പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും

പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി ഉപയോഗിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കഴിയുന്നതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം ഇവയ്ക്ക് കുമ്പളങ്ങനീരും മസാല ചേര്‍ക്കാത്ത കറികളും വളരെ നല്ലതാണ്. ശ്വാസകോശ രോഗങ്ങള്‍, ചുമച്ച് രക്തം തുപ്പുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശ്വസന വ്യവസ്ഥയുടെ ആരോഗ്യത്തിനും കുമ്പളങ്ങ കൊണ്ട് തയ്യാറാക്കുന്ന കുശമാണ്ഡ രസായനം വളരെ ഫലപ്രദമാണ്.

കുശമാണ്ഡ രസായനം എങ്ങനെ തയാറാക്കാം?

കുമ്പളങ്ങ ചെറുകഷണങ്ങളാക്കി അല്‍പ്പം വെള്ളം ചേര്‍ത്ത് വേവിച്ച് പിഴിഞ്ഞ് ചാറു വേറെയും കഷണം വേറെയുമെടുക്കുക. കഷണം നെയ്യൊഴിച്ച് വറുത്ത് തേന്‍നിറമാകുമ്പോള്‍ വാങ്ങി അടച്ച് വയ്ക്കുക. പാകത്തിന് കല്‍ക്കണ്ടം കുമ്പളങ്ങ ചാറില്‍ ചേര്‍ത്ത് കുറുക്കി ലേഹ്യപാകമാക്കിയതില്‍ തിപ്പലി, ചുക്ക്, ജീരകം, ഏലത്തരി, ഇലവങ്കം, പച്ചില, കൊത്തമല്ലി, കുരുമുളക് ഇവ പൊടിച്ച് വച്ചതും ചേര്‍ത്ത് അല്‍പം നെയ്യും ചേര്‍ത്തിളക്കി യോജിപ്പിച്ച് തണുത്ത ശേഷം പാകത്തിന് തേനും ചേര്‍ത്ത് ഉപയോഗിക്കാം. ശ്വസന വൈഷമ്യങ്ങള്‍ മാറിക്കിട്ടും.