Good News

ദൈവം മനുഷ്യനായി പിറന്നു; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 സ്കൂള്‍ കുട്ടികൾക്ക്!

ദൈവം നമ്മുടെ മുന്നില്‍ ഏതു രൂപത്തിലാണ് പ്ര​ത്യക്ഷപ്പെടുക എന്നു പലപ്പോഴും പറയാനാകില്ല. ഈ സംഭവത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടത് മനുഷ്യന്റെ രൂപത്തിൽ തന്നെയാണ്. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ് എന്ന യുവതിയുടെ കഥയാണ് ഇത്. ഇരുപത്തിനാലുകാരിയായ അവര്‍ രക്ഷിച്ചത് ഒന്നോ രണ്ടോ ജീവനുകളല്ല, 37 ജീവനുകളാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍.

അമേരിക്കയിലെ മിൽവാക്കിയിൽ സ്‌കൂൾ ബസ് ഡ്രൈവറാണ് ഇമുനെക്. പതിവുപോലെ സ്ഥിരം റൂട്ടിൽ കുട്ടികളെയും കൂട്ടി യാത്ര ചെയ്യുകയായിരുന്നു അവര്‍. പെട്ടെന്ന് എന്തോ ഒരു പന്തികേട് അവര്‍ക്കുതോന്നി. എന്തോ കത്തിയെരിയുന്ന മണം ഇമുനെക്കിന് അനുഭവപ്പെട്ടു. ആദ്യം അവര്‍ കരുതിയത് മറ്റേതോ വാഹനത്തിൽ നിന്നാണ് വരുന്നത് എന്നാണ്. പക്ഷെ അധികം വൈകാതെതന്നെ അത് താൻ ഓടിക്കുന്ന ബസിൽ നിന്നുതന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞു.

8 മാസം ഗർഭിണിയായിരുന്നിട്ടും അവര്‍ മനസാന്നിദ്ധ്യം കൈവിട്ടില്ല. ബസ് നിർത്തി അതിലുണ്ടായിരുന്ന 37 വിദ്യാർത്ഥികളെയും വാഹനത്തിൽ നിന്ന് ഒഴിപ്പിച്ചു. അവസാനത്തെ കുട്ടി ബസിൽ നിന്ന് ഇറങ്ങി സെക്കൻഡുകൾക്കുള്ളിൽ ആ ബസ് കത്തി ചാരമായി തീര്‍ന്നിരുന്നു. ഭാഗ്യംകൊണ്ട് ആർക്കും പരിക്കുകൾ ഒന്നും ഉണ്ടായിയില്ല. എന്നാല്‍ ഗർഭിണിയായ വില്യംസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. സംഭവം നടന്ന് മാസങ്ങൾ പിന്നിടുമ്പോൾ വില്യംസും കുട്ടികളും സുഖമായി ഇരിക്കുന്നു.

തന്റെ ഉള്ളിലെ മാതൃത്വത്തിനാണ് ആ അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതെന്ന് അവള്‍ കരുതുന്നു. അതിനിടെ കുട്ടികളുടെ മാതാപിതാക്കൾ വില്യംസിനും അവരുടെ ധീരതയ്ക്കും 6,600-ലധികം ഡോളർ സ്വരൂപിച്ച് അഭിനന്ദനം പ്രകടിപ്പിക്കാൻ തീരുമാനിച്ചു കഴിഞ്ഞു.