Movie News

‘മിണ്ടാതിരിയെടാ ചെറുക്കാ, ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ’ തഗ് രാജാവായ ഷൈനിനെ ട്രോളി ഉർവശി

ലേഡി സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ ആരാധകർ മാത്രമല്ല അഭിനേതാക്കളും ഐക്യകണ്ഠേന പറയുന്ന ഒറ്റ പേരെ ഉള്ളൂ, ഉർവശി (Urvashi). മലയാള സിനിമയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാളായ ഉർവശി, തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികവുറ്റതാക്കാൻ ശ്രമിക്കും. തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് സീരിയസ് ആയ കഥാപാത്രം ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും ഉർവശി അതിന്റെ വേറിട്ട തലത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്.

യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ (Shine Tom Chacko). തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും ഗംഭീരമായ മുന്നേറ്റങ്ങള്‍ നടത്തുന്ന താരം ഉള്‍കാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഷൈൻ.

ഉർവശിയും ഷൈനും ഒരേ വേദിയിൽ ഒരുമിച്ചെത്തിയാൽ എന്താകും അവസ്ഥ. തഗ് തന്നെയായിരിക്കും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ‘അയ്യര്‍ ഇൻ അറേബ്യ’എന്ന ചിത്രവുമായി ബന്ധപ്പെട്ടൊരു പരിപാടിയ്ക്കിടെ ഷൈനും ഉര്‍വശിയും തമ്മിലുള്ള സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്റ്റേജില്‍ ഉര്‍വശിയ്ക്ക് ഒപ്പം ഷൈനുമുണ്ടായിരുന്നു.

“ഇതു കലാരംഗമാണ്. നമ്മൾ ഒരു പാതയിൽ കൂടി നടക്കും. നമ്മളുടെ ഒപ്പം ചിലർ സഞ്ചരിക്കും. പകുതിയിൽ അവർ മാറും, പുതിയ ആൾക്കാർ വരും… ” എന്നാണ് ഉർവശി പറയുന്നത്. ‘എന്റെ കാര്യമാണോ പറയുന്നത്’ എന്ന് അതിനിടയിൽ ഷൈൻ ചോദിക്കുന്നുണ്ട്. അപ്പോഴാണ് ഉർവശിയുടെ തഗ് മറുപടി വരുന്നത്. ‘നിന്റെ കാര്യമല്ലടാ ചെറുക്കാ. മിണ്ടാതിരിയെടാ, ഞാനിതൊന്നു പറഞ്ഞോട്ടെ…ഇവന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞാൽ നല്ല രസമാ.
ഈ ചെറുക്കന്റെ പ്രായം എത്രയാണെന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷേ പക്വത വന്നിട്ടില്ല. മമ്മി കേള്‍ക്കണം കെട്ടോ. ആദ്യ ദിവസം ഷൂട്ടിംഗ്… എല്ലാവരും ഒരു ഫ്ലാറ്റിലാണ്. ഒരു ബര്‍ത്ത്ഡേ സീൻ എടുക്കുവാണ്. ദുബായ് ആണ്, മറ്റൊരാളുടെ വീടാണ്, അച്ചടക്കം പാലിക്കണമല്ലോ. ഞാൻ നോക്കിയപ്പോള്‍ ഈ ചെറുക്കൻ ആ സോഫയുടെ വിളിമ്പിൽ കേറിയിരിക്കുകയാണ്. കുരങ്ങു കുട്ടി കയറിയിരിക്കുന്നതുപോലെ കയറിയിരിക്കുന്നു. എല്ലാവരും കേക്ക് മുറിക്കുന്ന ശ്രദ്ധയിലാണ്. പക്ഷേ എന്റെ ശ്രദ്ധ മുഴുവൻ അവനിലേക്കാണ്, അവൻ അങ്ങോട്ടു വീഴുമോ ഇങ്ങോട്ട് വീഴുമോ എന്ന്. അന്നു മുതല്‍ ഇതു വരെ ഞാൻ ദുബായില്‍ കിട്ടുന്ന ചട്ടിച്ചോറൊക്കെ കുഴച്ചുവയ്ക്കും. മോനേ കഴിക്കുന്നോ എന്നു ചോദിക്കുമ്പോൾ ചട്ടിയോടെ ഇവൻ എടുത്തോണ്ട് പോവും. എന്റെ ഒരു പെറ്റായിരുന്നു ഇവൻ. എനിക്ക് ഒത്തിരി സെന്റിമെൻസ് ആണ് ഇവനോട്. ഒടുക്കം ധ്യാനും മുകേഷ് ചേട്ടനുമൊക്കെ കളിയാക്കും, ഉര്‍വശി ഷൈനിനെ വളര്‍ത്താൻ കൊണ്ടുപോവുകയാണ് മദ്രാസിലേക്ക് എന്ന്. കാരണം എന്റെ മോനും ഇവനും തമ്മില്‍ വലിയ വ്യത്യാസമില്ല ചേഷ്ഠകളൊക്കെ കാണുമ്പോൾ. അവനു ഒമ്പത് വയസായി. അവന് ഷൈനിനേക്കാളും ഇച്ചിരി അച്ചടക്കമുണ്ട്… ” സ്നേഹത്തോടെയും ശാസനയോടും ചിരിയോടെ ഉര്‍വശി പറഞ്ഞു. ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദവും ഷൈനിനോടു ഉര്‍വശിയ്ക്കുള്ള വാത്സല്യവുമൊക്കെ വീഡിയോയില്‍ നിന്നു പ്രകടമായി മനസ്സിലാവും.

മുകേഷ്, ഉര്‍വ്വശി,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അയ്യര്‍ ഇന്‍ അറേബ്യ ‘ ഫെബ്രുവരി രണ്ടിനാണ് തിയേറ്ററിൽ എത്തുക. വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി,ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു മുഴുനീള കോമഡി എന്റര്‍ടൈയ്‌നറാണ് ചിത്രമെന്നാണ് പുറത്ത് വരുന്ന വിവരം.