Sports

ചരിത്രമെഴുതാന്‍ രോഹിത്ശര്‍മ്മ ; കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു വലിയ നാഴികക്കല്ല്

ലോകകപ്പിന് പിന്നാലെ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് ക്രിക്കറ്റിലെ ഒരു നാഴികക്കല്ല്. ടി 20 മത്സരങ്ങളില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം രോഹിതിന്റെ നൂറ്റമ്പതാമത്തെ മത്സരമാണ്.

നിലവില്‍ ടി20 മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചിട്ടുള്ള താരവും രോഹിതാണ്. അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഇപ്പോള്‍ 149 മത്സരങ്ങളായി. പരമ്പരയിലെ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ തന്നെ ടി20 യില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല്് രോഹിതിനെ തേടിയെത്തും. 2007 ല്‍ ട്വന്റി20 മത്സരത്തിനായി ആദ്യം ഇറങ്ങിയ ഈ വലംകയ്യന്‍ ബാറ്റ്‌സ്മാന്‍ ആദ്യത്തെ ആറു വര്‍ഷം ടീമിന് പുറത്തായിരുന്നു.

2013 ല്‍ ടീമില്‍ തിരിച്ചെത്തിയ രോഹിത് അതിന് ശേഷം തന്റെ സ്ഥാനം ടീമില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. 2021 ലോകകപ്പിന് ശേഷം ടി20 ടീമിന്റെ നായകനായിക്കൊണ്ടാണ് രോഹിത് ഇന്ത്യന്‍ നായകസ്ഥാനം ഏറ്റെടുത്തത്. അഫ്ഗാനിസ്ഥാനെതിരേയുള്ള പരമ്പരയിലും ടീമിനെ നയിക്കുന്നത് രോഹിത്ശര്‍മ്മയാണ്. വരാനിരിക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ നായകന്റെ തിരിച്ചുവരവ്.

അയര്‍ലന്റിന്റെ പോള്‍ സ്റ്റര്‍ലിംഗാണ് രോഹിതിന് പിന്നില്‍ ഏറ്റവും കൂടുതല്‍ ടി20 കളിച്ചവരില്‍ രണ്ടാമന്‍. 134 മത്സരങ്ങളില്‍ സ്‌റ്റെര്‍ലിംഗ് കളിച്ചിട്ടുണ്ട്. 128 മത്സരങ്ങള്‍ കളിച്ച ജോര്‍ജ്ജ് ഡോക്രല്‍, 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷുഹൈബ് മാലിക്ക്, 122 മത്സരം കളിച്ച മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍. ഇന്ത്യന്‍ പട്ടികയില്‍ രോഹിതിന് പിന്നാില്‍ 115 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിരാട് കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. അഫ്ഗാനെതിരേയുള്ള ആദ്യ മത്സരം കോഹ്ലി കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ അദ്ദേഹം തിരിച്ചെത്തും.