Sports

ഏഷ്യാക്കപ്പോടെ ഇന്ത്യന്‍ നായകന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുമോ? സുനില്‍ഛേത്രിയുടെ മറുപടി

എഎഫ്‌സി കപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് സൂചനകള്‍ തള്ളി. 39 വയസ്സില്‍ എത്തിയിരിക്കുന്ന ഛേത്രി എഎഫ്‌സി 24 ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയാല്‍ എഎഫ്‌സിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളില്‍ ഒരാളായി മാറി ചരിത്രമെഴുതും.

മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ കൂടി കളിച്ച ശേഷമേ താരം വിരമിക്കലിനെ കുറിച്ച് ചിന്തിക്കൂ. 40 വയസ്സ് തികയാന്‍ എട്ട് മാസം മാത്രം ശേഷിക്കേ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും മിടുക്കനായ സ്‌ട്രൈക്കറായിട്ടാണ് ഛേത്രി നില്‍ക്കുന്നത്. ഏഷ്യന്‍ കപ്പിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീല്‍ഡ് കളിക്കാരനാണെങ്കിലും യോഗ്യതാ മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനൊപ്പം അല്‍പ്പം കൂടി ചുറ്റിക്കറങ്ങാന്‍ തയ്യാറാണ്.

22 വര്‍ഷത്തിന് ശേഷം ഗ്രൂപ്പ് എയില്‍ കുവൈത്തിനെ എവേ മത്സരത്തില്‍ തോല്‍പ്പിച്ച ബ്ലൂ ടൈഗേഴ്‌സിന് ആദ്യമായി ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലെത്താനുള്ള കഠിനമായ ശ്രമത്തിലാണ്. മാര്‍ച്ചില്‍ അഫ്ഗാനിസ്ഥാനെതിരെയും ജൂണില്‍ കുവൈറ്റ്, ഖത്തര്‍ ടീമുകള്‍ക്ക് എതിരേയും ഇന്ത്യയ്ക്ക് ലോകകപ്പ് യോഗ്യതയില്‍ കളിയുണ്ട്. ”അഫ്ഗാനിസ്ഥാന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവയ്ക്കെതിരെയുള്ള കളികളില്‍ കൂടി കളിക്കാന്‍ സന്നദ്ധനാണെന്ന് ഛേത്രി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

” ഇപ്പോള്‍ ടീമിന് എന്നെ ആവശ്യമുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇല്ലായിരുന്നുവെങ്കില്‍, ഒരുപക്ഷേ ഇത് എന്റെ അവസാനത്തേതാവുമായിരുന്നു. എന്റെ കരിയറില്‍ ആദ്യമായി മൂന്നാം റൗണ്ടില്‍ കടക്കാനുള്ള അവസരത്തിലാണ് ഞങ്ങള്‍. ഞാന്‍ ഇത് പറയുമ്പോള്‍ എന്നെയോ ടീമിനെയോ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ മൂന്നാം റൗണ്ടില്‍ എത്താതിരിക്കാന്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് ശരിക്കും എന്തെങ്കിലും തെറ്റ് സംഭവിക്കേണ്ടതുണ്ട്.” ഛേത്രി പറഞ്ഞു.

ജൂണ്‍ മാസത്തിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കുമോ എന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ഏഷ്യന്‍ കപ്പിലെ മികച്ച പ്രകടനം ഇന്ത്യയെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ മൂന്നാം റൗണ്ടിലെത്താന്‍ സഹായിക്കുമെന്ന് ഛേത്രി കരുതുന്നു. ”ഞങ്ങള്‍ക്ക് മൂന്നാം റൗണ്ട് നേടണമെങ്കില്‍, ഏഷ്യന്‍ കപ്പില്‍ മികച്ച അക്കൗണ്ട് നല്‍കേണ്ടത് പ്രധാനമാണ്. ഞങ്ങള്‍ മൂന്ന് മുന്‍നിര ടീമുമായാണ് കളിക്കുന്നത്. സിറിയയും ഉസ്‌ബെക്കിസ്ഥാനും ഓസ്ട്രേലിയയും മികച്ച ടീമുകളാണ്. നമ്മളെത്തന്നെ പരീക്ഷിക്കുന്നതിനുള്ള നല്ലൊരു വഴിയായിരിക്കും ഇത്.” ഛേത്രി പറഞ്ഞു.