Sports

‘ഞാനും അയാളും ഒരിക്കലും നല്ല സുഹൃത്തുക്കളായിരുന്നില്ല’ ; ധോണിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യുവരാജ്

നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത സൗഹാര്‍ദ്ദം ഇല്ലായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം യുവ്‌രാജ് സിംഗ്. 17 വര്‍ഷം ദേശീയ ടീമിനെ പ്രതിനിധീകരിച്ച് യുവരാജ് സിംഗ് 1983 ന് ശേഷം ഇന്ത്യ ആദ്യമായി ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ആയിരുന്നു.

തന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും യുവരാജ് ധോണിയുടെ കീഴിലാണ് കളിച്ചത്. 2007 ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഏറെക്കുറെ അടുത്ത കാലത്ത് ടീമില്‍ എത്തുകയും ഏറെക്കാലം ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നതിനാല്‍ ഇരുവരും ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ ആണെന്നാണ് പലരും കരുതുന്നത്. പക്ഷേ, അങ്ങനെയല്ലെന്ന് താരം തന്നെ വ്യക്തമാക്കുന്നു.

ഒരു മാസം മുമ്പ് ടിആര്‍എസ് ക്ലിപ്പുകളില്‍ സംസാരിച്ച യുവരാജ്, ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയും താനും മഹിയും അടുത്ത സുഹൃത്തുക്കളല്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ”ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ക്രിക്കറ്റ് കാരണം ഞങ്ങള്‍ സാധാണ സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. മഹിയുടെ ജീവിതശൈലി എന്റേതില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല…പക്ഷേ ഞങ്ങള്‍ ഗ്രൗണ്ടില്‍ ഒരുമിച്ച് നമ്മുടെ രാജ്യത്തിന് വേണ്ടി 100 ശതമാനവും നല്‍കി. അയാള്‍ ക്യാപ്റ്റന്‍ ആയിരുന്നു, ഞാന്‍ വൈസ് ക്യാപ്റ്റനും …നിങ്ങള്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആകുമ്പോള്‍ തീരുമാനത്തിലെ വ്യത്യാസങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ എനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങള്‍ അയാള്‍ എടുത്തു. ചിലപ്പോള്‍ ഞാന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നു. അത് അയാള്‍ക്കും ഇഷ്ടപ്പെട്ടില്ല. എല്ലാ ടീമിലും അത് സംഭവിക്കും.” യുവരാജ് പറഞ്ഞു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 2000-ലാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2017-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായെങ്കിലും ടീമിനെ നയിക്കാന്‍ യുവിക്ക് അവസരം ലഭിച്ചില്ല. പിന്നീട് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ടീം ഇന്ത്യ അംഗമായി യുവി തുടര്‍ന്നു. 2011 ലോകകപ്പ് ഇന്ത്യ നേടുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഐസിസി ഇവന്റില്‍ സീനിയര്‍ താരം 362 റണ്‍സും 15 വിക്കറ്റും നേടി. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.

2016ല്‍ ധോണിയുടെ കീഴിലാണ് യുവരാജ് അവസാനമായി കളിച്ചത്. 2017-ലെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ഉള്ള വഴിയില്‍ തിരിച്ചുവരവ് നടത്തി വിരാട് കോഹ്ലിയുടെ കീഴില്‍ കളിച്ചു. 2019 ലോകകപ്പിനിടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2004-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ധോണി, 2020 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐപിഎല്‍ കളിക്കുന്നത് തുടരുകയും ടി20 ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുകയും ചെയ്യുന്നു.