Sports

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് കാലം ; ഇന്ത്യയ്ക്കായി ഈ വര്‍ഷം സ്‌കോര്‍ ചെയ്തത് യുവതാരങ്ങള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന യുവതാരങ്ങളെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ യുവതാരങ്ങള്‍ ഇവരാണ്.

കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. 18 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 738 റണ്‍സ് നേടി. ശരാശരി 48.86. സ്‌ട്രൈക്ക് റേറ്റ് 155.05. രണ്ടു സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ചുറികളും ബാറ്റില്‍ നിന്നും പിറന്നു. 2023-ല്‍ സൂര്യ ഇന്ത്യന്‍ ക്യാപ്റ്റനായി, ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര വിജയത്തിലേക്ക് മെന്‍ ഇന്‍ ബ്ലൂ ടീമിനെ നയിച്ചു.

ഈ വര്‍ഷം ആദ്യം കളിക്കാന്‍ തുടങ്ങിയിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ടി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായി റിങ്കു സിംഗ് മാറാമായിരുന്നു. 12 മത്സരങ്ങള്‍ കളിച്ച റിങ്കി 65.50 ശരാശരിയിലും 180.68 സ്ട്രൈക്ക് റേറ്റിലും 262 റണ്‍സ് അടിച്ചെടുത്തു. ഒരു അര്‍ധസെഞ്ച്വറി മാത്രമാണ് അടിച്ചതെങ്കിലും റിങ്കുസിംഗ് നിരവധി മികച്ച ഇന്നിംഗ്സുകള്‍ കളിച്ചു.

നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി റണ്‍സെടുക്കാന്‍ പാടുപെടുന്ന തിലക്, ഇന്ത്യയ്ക്കായി 15 ടി20 മത്സരങ്ങളില്‍ 34.44 ശരാശരിയിലും 141.55 സ്ട്രൈക്ക് റേറ്റിലും 310 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അതില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഉണ്ടായിരുന്നു. ഈ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ റണ്‍സ് എന്ന നേട്ടം ശുഭ്മാന്‍ ഗില്ലിനാണ്.

2023-ല്‍, ശുഭ്മാന്‍ ഗില്‍ 13 ടി20 മത്സരങ്ങള്‍ കളിച്ചു, 26 ശരാശരിയില്‍ 312 റണ്‍സ് നേടി, 145.11 എന്ന ആരോഗ്യകരമായ സ്ട്രൈക്ക് റേറ്റും. ടി20യില്‍ റുതുരാജ് ഗെയ്ക്വാദും തകര്‍ത്തടിച്ചു. 10 മത്സരങ്ങളില്‍ നിന്ന് 465 റണ്‍സ് തികച്ച അദ്ദേഹം 147.17 സ്‌ട്രൈക്ക് റേറ്റില്‍ റണ്ണുകള്‍ അടിച്ചത്. സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും നേടി. ഈ വര്‍ഷം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച യശ്വസ്വീ ജയ്സ്വാള്‍ തിളങ്ങിയ ഫോര്‍മാറ്റ് ടി20യാണ്. 15 മത്സരങ്ങളില്‍ കളിച്ചു. 33.07 ശരാശരിയിലും 159.25 സ്റ്റിക്ക് റേറ്റിലും 430 റണ്‍സ്. യഥാക്രമം ഒരു സെഞ്ചുറിയും 3 അര്‍ധസെഞ്ചുറികളും അടിച്ചു.