Good News

ജീവനക്കാര്‍ക്ക് ആരോഗ്യം ഉണ്ടെങ്കിലേ ബിസിനസ് നിലനില്‍ക്കൂ ; ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കമ്പനി

ശരീരത്തിന്റെ ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് വ്യായാമം. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ജീവനക്കാരുടെ ആരോഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാവുന്ന ഒരു കമ്പനി വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നു. പ്രതിമാസം ജീവനക്കാര്‍ രാവിലെ വ്യായാമത്തിന്റെ ഭാഗമായി ഓടുന്നതിന്റെ കണക്ക് അനുസരിച്ച് പണം നല്‍കുന്നതാണ് രീതി.

ഒരു ജീവനക്കാരന്‍ പ്രതിമാസം 50 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍ മുഴുവന്‍ പ്രതിമാസ ബോണസിന് അര്‍ഹതയുണ്ട്. 40 കിലോമീറ്റര്‍ ഓടുന്നതിന് 60 ശതമാനവും 30 കിലോമീറ്ററിന് 30 ശതമാനവും ബോണസ് ലഭിക്കും. ഒരു മാസത്തിനുള്ളില്‍ 100 കിലോമീറ്റര്‍ ഓടിയെന്ന് ഏതെങ്കിലും രീതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ പോലും ഓട്ടക്കാര്‍ക്ക് 30% ബോണസ് ഉറപ്പ്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഒരു പേപ്പര്‍ കമ്പനിയായ ഗ്വാങ്ഡോംഗ് ഡോങ്പോ പേപ്പര്‍ ആണ് വിചിത്രമായ ആശയം അവതരിപ്പിച്ചിരിക്കുന്നത്.

ദിവസേന വ്യായാമം ചെയ്യുന്ന ജീവനക്കാരെ ഉണ്ടാക്കാനും കമ്പനിക്ക് വേണ്ടി ജീവനക്കാരുടെ കായികക്ഷമത കൂട്ടിയെടുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 100 ജീവനക്കാര്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ജീവനക്കാരനും ഓടുന്ന ദൂരം അവരുടെ ഫോണുകളിലെ ഒരു ആപ്പ് ട്രാക്ക് ചെയ്യുന്നു. മൗണ്ടന്‍ ഹൈക്കിംഗ്, വേഗത്തിലുള്ള നടത്തം തുടങ്ങിയ പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കുന്നു, ഇത് ആവശ്യമായ മൊത്തം വ്യായാമത്തിന്റെ യഥാക്രമം 60 ഉം 30 ഉം ശതമാനം വരും.

”എന്റെ ജീവനക്കാര്‍ ആരോഗ്യമുള്ളവരാണെങ്കില്‍ മാത്രമേ എന്റെ ബിസിനസ്സിന് നിലനില്‍ക്കാന്‍ കഴിയൂ,” ഡോങ്പോ പേപ്പര്‍ മേധാവി ലിന്‍ ഷിയോങ് പറഞ്ഞു. പ്രോഗ്രാം മികച്ച വിജയമാണെന്ന് തെളിയിച്ചു, ഒരു വ്യായാമത്തില്‍ തത്പരനായ ലിന്‍ ഷിയോംഗ്, എല്ലാ ജീവനക്കാരും മുഴുവന്‍ ബോണസും ലഭിക്കാന്‍ യോഗ്യരാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ പുതിയ നയത്തിന് വിമര്‍ശനവും ഉയരുന്നുണ്ട്. കമ്പനിയുടെ നയം വിവേചനത്തിലേക്ക് നയിക്കുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

ജീവനക്കാരുടെ ആരോഗ്യത്തെകൂടി കണക്കിലെടുക്കണമെന്ന് ഇവര്‍ പറയുന്നു. ഹൃദയാഘാത സാധ്യതയുള്ള അല്ലെങ്കില്‍ മറ്റ് വിധത്തില്‍ വ്യായാമം ചെയ്യാന്‍ കഴിയാത്ത ജീവനക്കാര്‍ക്കുള്ള നയം എന്താണെന്ന് ഇവര്‍ ചോദിച്ചു. ഗുവാങ്ഡോംഗ് ഡോങ്പോ പേപ്പര്‍ തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിന് വളരെ ഉയര്‍ന്ന ബോണസ് പരിധി നിശ്ചയിച്ചുകൊണ്ട് അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്ന് മറ്റുള്ളവര്‍ ആരോപിച്ചു.