Sports

20 കോടിക്ക് ഐപിഎല്ലില്‍ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ നായകന്‍ ; ഏറ്റവും വിലയേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിക്കൊണ്ടാണ് താരം ലോകറെക്കോഡ് ഇട്ടത്. 20 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സാണ് ചരിത്രമെഴുതിയത്.

നേരത്തെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയ ഇംഗ്ലണ്ടിന്റെ സാം കരന്റെ റെക്കോര്‍ഡാണ് പാറ്റ് കമ്മിന്‍സ് തിരുത്തിയത്. ലോകകപ്പില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചതാണ് കമ്മിന്‍സിന് ഇത്രയും വില നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 20 കോടി തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. 34 കോടിയും 9 സ്ലോട്ടുകളുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ പ്രവേശിച്ചത് (6 ഇന്ത്യക്കാരും 3 വിദേശവും). എന്നിരുന്നാലും, ഹൈദരാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി വെറും 3 കളിക്കാര്‍ക്കായി ഏകദേശം 28 കോടി ചെലവഴിച്ചു.

അവര്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടിക്കും ട്രാവിസ് ഹെഡിനെ 6.80 കോടിക്കും, വനിന്ദു ഹസരംഗ 1.50 കോടിക്കും കൊണ്ടുവന്നു. ഇനി സ്വന്തമാക്കേണ്ടത് ആറ് ഇന്ത്യന്‍ കളിക്കാരെയാണ്. ഇതിനായി കയ്യില്‍ ആറു കോടിയോളം രൂപയുമുണ്ട്. എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസെന്‍, മാര്‍ക്കോ ജാന്‍സെന്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ വലിയ പേരുകള്‍ ടീമിനൊപ്പമുണ്ട്.

അതേസമയം ന്യൂസിലന്റിന്റെ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണോടെ ഐപിഎല്‍ വിട്ട അമ്പാട്ടി റായിഡുവിന്റെ പകരക്കാരനെ തേടുന്ന അവര്‍ രചിന്‍ രവീന്ദ്രയില്‍ അത് കണ്ടെത്തിയിരിക്കുകയാണ്. ഐപിഎല്‍ 2024 ലേലത്തില്‍ സിഎസ്‌കെ രച്ചിന്‍ രവീന്ദ്രയെ 1.80 കോടിക്കാണ് കണ്ടെത്തിയത്, നാലുകോടിക്ക് ഷാര്‍ദുല്‍ താക്കൂറിനെയും സ്വന്തമായി. അവര്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പണം മുടക്കിയ രണ്ടു താരങ്ങള്‍ ഡാരില്‍ മിച്ചല്‍ (14 കോടി), സമീര്‍ റിസ്വി (8.40 കോടി) എന്നിവരാണ്.