Celebrity

‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ..’ ‘ഏത് പ്രതിസന്ധിയിലും വിളിച്ച്‌ പറയാനൊരു വാചകം- മോഹൻലാലിന്റെ മാസ്സ് ഡയലോഗ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന വിളിയിൽ തന്നെയുണ്ട് ആരാധകർക്ക് താരത്തോടുള്ള സ്നേഹം. എന്നും എപ്പോഴും തന്റെ ആരാധകരെ സ്വന്തം പോലെ സ്നേഹിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കാനും സംസാരിക്കാനും ഒട്ടും മടിക്കുകയും ചെയ്യാത്ത ഒരു താരം കൂടിയാണ് മോഹൻലാൽ. താരത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുടെ ഒരു കൂട്ടായ്മാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷൻ. ഇതിന്റെ 25-ാം വാര്‍ഷികച്ചടങ്ങിന്റെ ആഘോഷം സംഘടിപ്പിച്ചത് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു.

ചടങ്ങില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അസോസിയേഷന്റെ ആരംഭത്തെക്കുറിച്ചുമാണ് മോഹൻലാല്‍ സംസാരിച്ചത്. തന്റെ പേരില്‍ മത്സരം പാടില്ലെന്ന് പറഞ്ഞിട്ടായിരുന്നു ഫാൻസ് അസോസിയേഷൻ ആരംഭിച്ചതെന്ന് മോഹൻലാല്‍ പറഞ്ഞു. ചടങ്ങിനിടെ മോഹൻലാൽ പറഞ്ഞ മാസ് ഡയലോഗാണ് ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കുന്നത്.

“ഏതൊരു പ്രതിസന്ധിയിലും വിളിച്ചുപറയാൻ എന്റെ മനസില്‍ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്. എനിക്കെന്റെ പിള്ളേരുണ്ടെടാ…” ഈ വാക്കുകള്‍ കൈയടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. “പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ… ” താരം ഇങ്ങനെ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ നിറഞ്ഞ കൈയടിയാണ് ആരാധകർ തിരികെ നൽകിയത്. “ക്ഷമാപണത്തോടെ നമുക്ക് ചടങ്ങുകള്‍ തുടങ്ങാം. വല്ലാണ്ടൊരു ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയി. അതില്‍ നിന്നും രക്ഷപ്പെടാന്‍ വേറൊരു വഴിയെടുത്തുപ്പോള്‍ അവിടെയും ബ്ലോക്ക്. ഒരു മണിക്കൂറോളം താമസിച്ചു. ക്ഷമാപണത്തോടു കൂടി സംസാരിച്ചു തുടങ്ങാം. ഞാനൊരു പ്രസംഗമൊന്നും നടത്തുന്നില്ല. കുറച്ച്‌ കാര്യങ്ങള്‍ പറയാം. ഈ സംഘടന എങ്ങനെ ഉണ്ടായി, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെയൊക്കെ ഓര്‍ത്തുകൊണ്ട് ഈ ചടങ്ങ് തുടങ്ങാം.

പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പേരുടെ പേരുകളും കാര്യങ്ങളും വിട്ടുപോകും. കുറച്ച്‌ കാര്യങ്ങള്‍ എഴുതിവച്ചാണ് പറയുന്നത്. അതില്‍ ആദ്യം പറയേണ്ടത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ നടുവില്‍ നില്‍ക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ഞാനുണ്ട് ഏട്ടാ കൂടെ എന്ന് ഒരു ആയിരം പേര്‍ ഒന്നിച്ചു പറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ലെന്നും വിശ്വസിക്കുന്നു….” താരം പറഞ്ഞു.”

ഏത് പ്രതിസന്ധിയിലും വിളിച്ച്‌ പറയാൻ എന്റെ മനസ്സില്‍ സിനിമയിലെ തിരക്കഥയിലെന്നതുപോലെ ഉറച്ചൊരു വാചകമുണ്ട്. ‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ…’ 1984,85 കാലഘട്ടത്തില്‍ ഒരു വില്ലനായി സിനിമയിലെത്തി വെള്ളിത്തിരയില്‍ കാലുറപ്പിച്ച എന്റെ കാലമാണ്. ശ്രീകൃഷ്ണ പരുന്ത്, ഒന്നു മുതല്‍ പൂജ്യം വരെ അങ്ങനെയുള്ള സിനിമകള്‍ ചെയ്ത കാലത്താണ് തിരുവനന്തപുരത്തെ രാജാജി നഗര്‍ നിവാസിയായ വിജയൻ, സുരേന്ദ്രൻ തുടങ്ങിയവര്‍ ചേര്‍ന്ന് മോഹൻലാല്‍ ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. തുടര്‍ന്ന്, എന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ചേര്‍ന്ന് കൂട്ടായ്മകള്‍ തുടങ്ങുകയായിരുന്നു. ചുറ്റും പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു.

എന്റെ പേരില്‍ മത്സരങ്ങള്‍ പാടില്ലെന്ന് പറഞ്ഞതിന് ശേഷം 1998-ലായിരുന്നു ചാക്കയില്‍ വച്ച്‌ ആള്‍ കേരള മോഹൻലാല്‍ ഫാൻസ് ആന്റ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷൻ ആരംഭിച്ചത്. എന്റെ ഇച്ചാക്ക ആയിരുന്നു അന്ന് ഈ സംഘടന ഉദ്ഘാടനം ചെയ്തത്.എന്റെ സഹോദര തുല്യനായ ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണുള്ളത്. ഇച്ചാക്കയ്‌ക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. ഈ സംഘടന നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണ്…പ്രിയപ്പെട്ടവരുടെ നടുവില്‍ നില്‍ക്കുമ്പോൾ നിങ്ങള്‍ ഓരോരുത്തരും പകര്‍ന്നു നല്‍കുന്ന സ്‌നേഹം ഹൃദയത്തില്‍ നിറയുമ്പോൾ എത്ര ധന്യമാണ് എന്റെ ജന്മം എന്ന് ഓര്‍ത്തുപോകുകയാണ്.

നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല. സ്‌നേഹമല്ലാതെ മറ്റൊന്നും നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയില്‍ ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വര്‍ഷത്തിനിടെ മലയാളികളുടെ മനസില്‍ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹം കൊണ്ടും പ്രാര്‍ഥന കൊണ്ടും മാത്രമാണ്… ” മോഹന്‍ലാല്‍ പറഞ്ഞു. ആരാധകര്‍ക്കു വേണ്ടി സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകൾ പ്രേക്ഷകരും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.