പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഒരു പ്രായം പിന്നിട്ടാല്‍ പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് വരുന്നത് തടയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….
ബ്രഷിങ് & ഫ്ളോസിംഗ് – പല്ലുകള്‍ക്ക് വെണ്മ നല്കാന് എത്രയൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞാലും പല്ല് ബ്രഷ് ചെയ്യുന്നതിലും ഫ്ളോസ് ചെയ്യുന്നതിലും യാതൊരു വിട്ടുവീഴ്ചയും പാടില്ല. വായയിലെ ബാക്ടീരിയ വളര്‍ച്ച തടയുന്നതിനും പ്ലാക്ക് നീക്കം ചെയ്യുന്നതിനും ദന്താരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള അടിസ്ഥാന കാര്യങ്ങളാണ് ബ്രഷിങ്, ഫ്ളോസിംഗ് എന്നിവ.
ഓയില്‍ പുള്ളിംഗ് – പല്ലുകളില്‍ അടിഞ്ഞുകൂടുന്ന കറയും നിറവ്യത്യാസവുമൊക്കെ അകറ്റാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗമാണിത്. ഇതിനായി അല്പം ശുദ്ധമായ വെളിച്ചെണ്ണ വായില്‍ കൊണ്ട് കുലുക്കുഴിയാം. വെളിച്ചെണ്ണ അല്പനേരം വായില്‍ വെച്ചതിന് ശേഷം മാത്രം കുലുക്കുഴിയുക. വെളിച്ചെണ്ണ വായുടെ എല്ലാ ഭാഗത്തും പല്ലുകളിലും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇത് പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം മോണയുടെ ആരോഗ്യവും കാത്തുസൂക്ഷിക്കുന്നു. പല്ലുകളിലെ ബാക്ടീരിയയെ നീക്കം ചെയ്യാനും ഈ മാര്‍ഗ്ഗം സഹായിക്കുന്നു.
സ്ട്രോബെറി, പൈനാപ്പിള്‍ – സ്ട്രോബെറി, പൈനാപ്പിള്‍ എന്നീ രണ്ട് ഫലങ്ങള്‍ക്ക് പല്ലുകള്‍ക്ക് വെണ്മ നല്കാന് കഴിവുണ്ട്. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമലിന് എന്ന എന്‍സൈം പല്ലുകളിലെ കറയും നിറക്കുറവുമെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. എന്നിരുന്നാലും പൈനാപ്പിള്‍ കഴിക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കുമെന്ന് തെളിയിക്കാന്‍ സഹായിക്കുന്ന പഠനങ്ങളൊന്നും നിലവിലില്ല.
പഴങ്ങളും പച്ചക്കറികളും – പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലുകള്‍ക്ക് വെണ്മ നല്‍കുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകും. പോഷക സമ്പന്നമായ വിവിധയിനം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, ദന്താരോഗ്യത്തിനും ഏറെ നല്ലതാണ്. ബ്രഷ് ചെയ്യുന്നതിന് പകരമാവില്ലെങ്കില്‍ പോലും, പല പഴങ്ങളും കഴിക്കുന്നത് പല്ലുകളിലെ പ്ലാക്ക് ഒരു പരിധി വരെ സ്വാഭാവികമായി നീക്കം ചെയ്യാന്‍ സഹായിക്കും.