Oddly News

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സ് ശാസ്ത്രജ്ഞനെ കൊലപാതകിയാക്കി; 10 മാസമായി ജയിലില്‍

ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ് ഉണ്ടാക്കുന്ന പൊല്ലാപ്പാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും സംസാരവിഷയം. നടീനടന്മാരും ഭരണാധികാരികളുമെല്ലാം ഇതിന് ഇരയാകുകയാണ്. എഐ സാങ്കേതികവിദ്യ മൂലം റഷ്യയില്‍ ഒരു ശാസ്ത്രജ്ഞന്‍ 10 മാസമായി തടവിലായി. മോചിപ്പിക്കപ്പെട്ടിട്ടും കുറ്റം തുടരുകയാണ്.

റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ലാന്‍ഡ് വാട്ടര്‍ ബയോളജിയിലെ ശാസ്ത്രജ്ഞനായ അലക്സാണ്ടര്‍ ഷ്വെറ്റ്കോവ് ഒരു പേടിസ്വപ്‌നവുമായി ജീവിക്കാന്‍ തുടങ്ങിയിട്ട് 10 മാസമായി. ഫെബ്രുവരിയിലാണ് ജോലിയുമായി ബന്ധപ്പെട്ട ക്രാസ്നോയാര്‍സ്‌കിലേക്കുള്ള യാത്രയ്ക്ക് പിന്നാലെ വിമാനയാത്രക്കാരുടെ പട്ടികയില്‍ നിന്നും നീക്കിയത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞെന്നായിരുന്നു ഇതിന് പറഞ്ഞ ന്യായീകരണം.

2002 ഓഗസ്റ്റില്‍ മോസ്‌കോയിലും മോസ്‌കോ മേഖലയിലും രണ്ടുപേരെ അദ്ദേഹവും കൂട്ടാളികളും കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതം നടന്നെന്ന് പറയുന്ന സമയത്ത് ഷ്വെറ്റ്കോവ് തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെന്ന അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരുടെ സാക്ഷ്യങ്ങള്‍ അവഗണിക്കപ്പെട്ടു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു സാക്ഷി വരച്ച ഒരു രേഖാചിത്രത്തിന്റെ എഐ ഇമേജ് സ്വെറ്റ്‌കോവുമായി 55% പൊരുത്തം കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന്റെ കാര്യം പരുങ്ങലിലായത്.

അലക്സാണ്ടര്‍ ഷ്വെറ്റ്‌കോവിനെതിരേ ആരോപിക്കുന്ന കൊലപാതകങ്ങള്‍ 2002 ഓഗസ്റ്റ് 2-നാണ് നടന്നത്. മദ്യപിച്ച് ലക്കുകെട്ടുണ്ടായ കൊലപാതകം എന്നായിരുന്നു ആരോപിക്കപ്പെട്ടത്. എന്നാല്‍ അന്നു രാത്രി, അവര്‍ 64 വയസ്സുള്ള ഒരു സ്ത്രീയെ കൊള്ളയടിക്കുകയും മറ്റൊരു സ്ത്രീയെയും അവളുടെ 90 വയസ്സുള്ള അമ്മയെയും ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വ്യാജേനയെത്തി കൊലപ്പെടുത്തി.

ഷ്വെറ്റ്കോവിന്റെ കൂട്ടാളികള്‍ കൊലപാതകങ്ങള്‍ സമ്മതിച്ചു. പക്ഷേ ഇവരുടെ മൊഴികളില്‍ ചില വൈരുദ്ധ്യം ഉണ്ടായിരുന്നു. അലക്സാണ്ടര്‍ മോസ്‌കോയില്‍ തന്നോടൊപ്പം ഭവനരഹിതനായിരുന്നുവെന്നും മദ്യം കുടിക്കുകയും ഒരു ദിവസം അര പായ്ക്ക് സിഗരറ്റ് വലിക്കുകയും ചെയ്തു എന്നും അവര്‍ പറഞ്ഞു. എന്നാല്‍ സ്വെറ്റ്‌കോവ് ജീവിതത്തിലൊരിക്കലും ഭവനരഹിതനായിരുന്നില്ല. മദ്യപിക്കുന്നയാളുമായിരുന്നില്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണം സിഗരറ്റ് വലിച്ചിരുന്നില്ല. ഷ്വെറ്റ്‌കോവിന്റെ വിരലുകളില്‍ മോതിരം പച്ചകുത്തിയിട്ടുണ്ടെന്നും ഇടതുകൈയില്‍ ഒരു കെല്‍റ്റിക് പാറ്റേണും ഉണ്ടായിരുന്നുവെന്നും കൂട്ടാളികള്‍ അനുസ്മരിച്ചു. എന്നാല്‍ അദ്ദേഹം ഒരിക്കലും പച്ചകുത്തിയിട്ടില്ലെന്ന് ശാസ്ത്രജ്ഞന്റെ ബന്ധുക്കള്‍ പറയുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെ തങ്ങള്‍ക്കൊപ്പം അലക്‌സാണ്ടര്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞരായ സഹപ്രവര്‍ത്തകരില്‍ പലരും സാക്ഷ്യപ്പെടുത്തിയിട്ടും അധികാരികള്‍ ഈ മൊഴി പരിഗണിച്ചില്ല. കഴിഞ്ഞ 10 മാസമായി അദ്ദേഹം ജയിലില്‍ കഴിയുകമാണ്. അദ്ദേഹത്തെ പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ച് വീട്ടുകാര്‍ വലയുകയും ചെയ്തു.

കേസില്‍ ഷ്വെറ്റ്കോവിനെ കുറ്റവിമുക്തനാക്കുന്ന തെളിവുകള്‍ അനേകം ഉണ്ടായിട്ടും റഷ്യന്‍ അധികാരികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന സോഫ്റ്റ്വെയറിനെ വിശ്വസിച്ചു. ഹൈഡ്രോളജിസ്റ്റിന്റെ രൂപഭാവം 55% കൊലയാളിയുടെ രൂപവുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി.

അലക്സാണ്ടര്‍ ഷ്വെറ്റ്കോവിന്റെ കേസ് മാസങ്ങളായി റഷ്യയില്‍ വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു, അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് വ്‌ളാഡിമിര്‍ പുടിന്‍ പോലും ഇടപെട്ടെന്നാണ് കിംവദന്തി. ഒടുവില്‍ ശാസ്ത്രജ്ഞനെ ഈ മാസം ആദ്യം വിട്ടയച്ചു. അദ്ദേഹത്തിനെതിരായ കുറ്റങ്ങള്‍ പക്ഷേ ഒഴിവാക്കിയിട്ടില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു സങ്കീര്‍ണ്ണമായ വിഷയമാണെന്നും ഈ മേഖലയില്‍ എന്തെങ്കിലും പരാജയങ്ങളുണ്ടെങ്കില്‍ അവ വിശകലനം ചെയ്യുകയും ഉചിതമായ നിഗമനങ്ങളില്‍ എത്തിച്ചേരുകയും വേണമെന്നായിരുന്നു സംഭവത്തിന് പിന്നാലെ പുടിന്‍ അഭിപ്രായപ്പെട്ടത്.