Good News

മാതാപിതാക്കള്‍ ബാല്യത്തിലേ ഉപേക്ഷിച്ചു, മുഴുപ്പട്ടിണിയില്‍നിന്നും ഉദിച്ചുയര്‍ന്ന പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരത്തിന്റെ കഥ

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വരിക ഇതിഹാസ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലൂയിസ് ഫിഗോയുമാണ്. എന്നാല്‍ ഇവര്‍ക്ക് അരികില്‍ പ്രതിഭയുളളയാളും തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളുമായ നാനിയുടെ കഥ വ്യത്യസ്തമാണ്. യൂറോപ്പിലെ മികച്ച ടീമുകള്‍ക്കായി കളിക്കുകയും രാജ്യത്തിനായി പതിവായി തന്റെ ക്ലാസ് കാണിക്കുകയും ചെയ്ത നാനിയുടെ ജീവിതവും കരിയറും അവിശ്വസനീയമാണ്.

കേപ് വെര്‍ഡിയന്‍ വേരുകളുള്ള നാനി മെട്രോപൊളിറ്റന്‍ ലിസ്ബണിലെ ഒരു ചെറിയ പട്ടണമായ അമഡോറയിലാണ് ജനിച്ചത്. ലൂയിസ് കാര്‍ലോസ് അല്‍മേഡ ഡാ കുണ എന്നാണ് മുഴുവന്‍ പേര്. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിലാണ് അവന്‍ വളര്‍ന്നത്. 14 സഹോദരങ്ങളുണ്ടായിരുന്നു. അമ്മ നല്‍കിയ പേരും അച്ഛന്‍ നല്‍കിയ അഞ്ചു പേരും.

2003 ല്‍ മികച്ച പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സിപിയിലേക്ക് മാറിയതോടെയാണ് താരത്തിന് ശുക്രന്‍ തെളിഞ്ഞത്. യൂത്ത് ടീമില്‍ രണ്ടുസീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ സീനിയര്‍ ടീമിലേക്ക് പ്രവേശനം നേടി. 2005 ആഗസ്റ്റ് 10 ന് യുവേഫാ ചാംപ്യന്‍സ് ലീഗില്‍ യുഡിനീസിനെതിരേ സ്‌പോര്‍ട്ടിംഗ് ടീമില്‍ അരങ്ങേറ്റം നടത്തി. അതേവര്‍ഷം ഒക്‌ടോബറില്‍ താരം സ്‌പോര്‍ട്ടിംഗിനായി ആദ്യഗോള്‍ നേട്ടം നടത്തി.

2007 ല്‍ പോര്‍ച്ചുഗീസ് കപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ചതോടെ യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറില്‍ താരം പതിഞ്ഞു. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ താരത്തെ 25.5 ദശലക്ഷം യൂറോയ്ക്ക് സ്വന്തമാക്കി. നാട്ടുകാരനും ദേശീയടീമിലെ സഹതാരവുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമായിരുന്നു യൂണൈറ്റഡില്‍ നാനിയുടെ കളി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പെനാല്‍റ്റിയില്‍ ജയിച്ച കമ്യുണിറ്റി ഷീല്‍ഡിലായിരുന്നു ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പമുള്ള അരങ്ങേറ്റം. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരേ ലോംഗ് റേഞ്ചര്‍ ഗോളോടെ വരവറിയിച്ചു.

ആദ്യ സീസണില്‍ 41 മത്സരം യുണൈറ്റഡിനായി കളിച്ച താരം മൂന്ന് ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് നേടിയത്. ആദ്യ സീസണില്‍ യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നാനിയുടെ പെനാല്‍റ്റി ഗോളിലായിരുന്നു യുണൈറ്റഡ് വിജയം നേടിയത്. യുണൈറ്റഡിലെ ആദ്യ കിരീടം നേട്ടങ്ങളുടെ തുടക്കമായിരുന്നു. നാലു പ്രീമിയര്‍ ലീഗും രണ്ടു ലീഗ് കിരീടവും നാലു കമ്യൂണിറ്റി ഷീല്‍ഡും ഒരു ഫിഫ ക്ലബ്ബ് ലോകകപ്പ് നേട്ടവുമുണ്ടാക്കി.

യുണൈറ്റഡില്‍ നിന്നും വിടുമ്പോള്‍ അവര്‍ക്കായി 230 മത്സരങ്ങള്‍ നാനി പൂര്‍ത്തിയാക്കിയിരുന്നു. 41 ഗോളുകളും 71 അസിസ്റ്റുകളും നേടിയിരുന്നു. 2014 ല്‍ യുണൈറ്റഡിലെ കരിയറിന് താല്‍ക്കാലിക വിരാമമിട്ട് നാനിയെ ക്ലബ്ബ് തന്റെ പഴയക്ലബ്ബ് സ്‌പോര്‍ട്ടിംഗിന് വായ്പയായി നല്‍കി. തന്റെ പഴയ ടീമിന് പോര്‍ച്ചുഗീസ് കപ്പ് വീണ്ടും നാനി നേടിക്കൊടുത്തു. ലോണ്‍ കാലാവധി പൂര്‍ത്തിയായ നാനിയെ യുണൈറ്റഡ് തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബാഷേയ്ക്ക് വിറ്റു. 6 ദശലക്ഷം യൂറോയായിരുന്നു ട്രാന്‍സ്ഫര്‍ തുക. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌പെയിനിലെ വലന്‍സിയയില്‍ താരമെത്തി.

പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയില്‍ അവര്‍ക്ക് വേണ്ടി 26 കളികളില്‍ ഗ്രൗണ്ടിലിറങ്ങിയ താരം മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നല്‍കി. 2018 ല്‍ സ്‌പോര്‍ട്ടിംഗിലേക്ക് മൂന്നാം തവണയും നാനി മടങ്ങിയെത്തി. സ്‌പോര്‍ട്ടിംഗിന് പോര്‍ച്ചുഗീസ് ലീഗ് കപ്പും പോര്‍ച്ചുഗീസ് കപ്പും നേടിക്കൊടുത്ത് ഡബിളടിച്ചു. 2019 ല്‍ യൂറോപ്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞ താരം മേജര്‍ ലീഗ് സോക്കറിലെ ഒര്‍ലാന്റോ സിറ്റിയിലായിരുന്നു പിന്നീട് കളിച്ചത്. ഇവിടെ ഒരു കിരീടത്തില്‍ മുത്തമിടാന്‍ താരത്തിനായില്ല. എല്‍എല്‍എസ് ഫൈനല്‍ വരെയെത്തിയ നാനിയുടെ ഒര്‍ലാന്റോ സിറ്റി ഫൈനലില്‍ പോര്‍ട്ട്‌ലാന്റ് ടിംബേഴ്‌സിനോട് പരാജയം ഏറ്റുവാങ്ങി.

2022 ജനുവരിയില്‍ അദ്ദേഹം എം എല്‍ എസ് വിട്ട് ഇറ്റാലിയന്‍ ടീമായ വെനീസിയയ്ക്കായി കളിക്കാന്‍ പോയി. അതേ വര്‍ഷം ജൂലൈയില്‍ നാനി മെല്‍ബണ്‍ വിക്ടറിയിലേക്ക് പോയതിനാല്‍ ഇത് ഇറ്റലിയില്‍ ഒരു ഹ്രസ്വ താമസമായിരുന്നു. മെല്‍ബണിനായി 10 തവണ മാത്രം കളിച്ച നാനി യൂറോപ്പിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് തോന്നി. ഒരു വര്‍ഷത്തിനുശേഷം, അദ്ദേഹം ടര്‍ക്കിഷ് അദാന ഡെമിര്‍സ്‌പോറുമായി ഒരു കരാര്‍ ഒപ്പിട്ടു, അവിടെ അദ്ദേഹം ഇപ്പോഴും കളിക്കുന്നു. ഇതുവരെ, നാനിക്ക് ശ്രദ്ധേയമായ ക്ലബ് കരിയര്‍ ഉണ്ടായിരുന്നു, പക്ഷേ പോര്‍ച്ചുഗലിന്റെ ദേശീയ ടീമിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രാജ്യത്തിനായി 112 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 23 ഗോളുകള്‍ നേടുകയും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ വിജയമായ 2016 യൂറോ നേടാന്‍ സഹായിക്കുകയും ചെയ്തു.