Celebrity

21 വയസില്‍ 33കാരിയുമായി വിവാഹം; മൂന്ന് പ്രണയം, പട്ടൗഡി കൊട്ടാരത്തിലെ ‘ഛോട്ടാ നവാബിന്’ ജീവിതത്തിൽ സംഭവിച്ചതെന്ത്?

പട്ടൗഡി രാജകുടുംബത്തിന്റെ പ്രൗഢി, ബോളിവുഡിലെ അപ്രതീക്ഷിത വിജയങ്ങൾ, പ്രണയവും വിവാഹമോചനങ്ങളും, ഒടുവിൽ സ്വന്തം വീട്ടിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണം – ഒരു സിനിമാക്കഥയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതാണ് സെയ്ഫ് അലി ഖാന്റെ ജീവിതം. ബാബ സിദ്ദിഖി വധക്കേസിലെ പ്രതി സീഷാൻ അക്തറിൽ നിന്ന് സെയ്ഫിന് വധഭീഷണി ലഭിച്ചതായുള്ള വാർത്തകൾ വന്നിരുന്നു. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമാണ് സെയ്ഫിന്റേത്.

1970 ഓഗസ്റ്റ് 16-ന് ന്യൂഡൽഹിയിലാണ് സെയ്ഫ് അലി ഖാൻ ജനിച്ചത്. പട്ടൗഡിയിലെ എട്ടാമത്തെ നവാബ് ഇഫ്തിക്കർ അലി ഖാൻ പട്ടൗഡിയുടെ കൊച്ചുമകനാണ് അദ്ദേഹം. രാജകുടുംബാംഗമായിരുന്നെങ്കിലും സെയ്ഫിന്റെ കുട്ടിക്കാലം പൂർണമായും രാജകീയ സുഖസൗകര്യങ്ങളിൽ ആയിരുന്നില്ല. അമ്മ ശർമിള ടാഗോർ അക്കാലത്ത് തിരക്കേറിയ നടിയായിരുന്നു. സെയ്ഫിന്റെ ആദ്യ ആറ് വർഷങ്ങളിൽ താൻ രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്തിരുന്നെന്നും, ചിലപ്പോൾ തുടർച്ചയായി മൂന്നോ നാലോ ദിവസം മകനെ കാണാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും ശർമിള പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.

അമ്മയുടെ തിരക്കുകൾക്കിടയിൽ സെയ്ഫിന് താങ്ങായത് അയൽവാസിയും സ്കൂളിലെ അധ്യാപികയുമായിരുന്ന സുനിത ഗോസ്വാമിയും ഭർത്താവ് ജതിൻ ഗോസ്വാമിയുമാണ്. സെയ്ഫിന്റെ ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്ന സുനിതയെ ‘രണ്ടാമത്തെ അമ്മ’ എന്നാണ് ശർമിള ടാഗോർ വിളിച്ചത്. സഹോദരിമാരായ സാബയും സോഹയും അടങ്ങുന്ന കുടുംബത്തിന്റെ സ്നേഹത്തണലിലാണ് സെയ്ഫ് വളർന്നത്.

ഇംഗ്ലണ്ടിലെ പഠനത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ സെയ്ഫിന് വ്യക്തമായ കരിയർ പദ്ധതികൾ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഉപദേശപ്രകാരം ഡൽഹിയിലെ ഒരു പരസ്യ ഏജൻസിയിൽ ജോലിക്ക് ചേർന്ന അദ്ദേഹം, ആഴ്ചയിൽ 200 രൂപ പോക്കറ്റ് മണിയുമായി ഡിടിസി ബസിലാണ് യാത്ര ചെയ്തിരുന്നത്.

ഒരു കുടുംബസുഹൃത്തിന്റെ നിർദേശപ്രകാരം ‘ഗ്വാളിയോർ സ്യൂട്ടിങ്സി’ന്റെ പരസ്യത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായത്. പരസ്യം കണ്ട സംവിധായകൻ ആനന്ദ് മഹേന്ദ്രു സെയ്ഫിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചെങ്കിലും ആ പ്രോജക്റ്റ് നിലച്ചു. തുടർന്ന് രാഹുൽ റവെയ്‌ലിന്റെ ‘ബേഖുദി’യിൽ കാജോളിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ കൃത്യനിഷ്ഠയില്ലായ്മയും അർപ്പണമനോഭാവത്തിന്റെ കുറവും കാരണം കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം സെയ്ഫിനെ മാറ്റി കമൽ സദാനയെ നായകനാക്കി. ആ തിരിച്ചടികൾക്കൊടുവിൽ 1993-ൽ യാഷ് ചോപ്രയുടെ ‘പരമ്പര’യിലൂടെ സെയ്ഫ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

‘ബേഖുദി’യുടെ ഫോട്ടോഷൂട്ടിനിടെയാണ് സെയ്ഫ് നടി അമൃത സിങ്ങിനെ പരിചയപ്പെടുന്നത്. അന്ന് അമൃത മുൻനിര നടിയായിരുന്നു. സെയ്ഫ് അത്താഴത്തിന് ക്ഷണിച്ചപ്പോൾ പുറത്തുപോകാൻ വിസമ്മതിച്ച അമൃത അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ആ കൂടിക്കാഴ്ച പ്രണയമായി മാറി. 1991 ഒക്ടോബറിൽ വീട്ടുകാരെ പോലും അറിയിക്കാതെ 21-കാരനായ സെയ്ഫ് 33-കാരിയായ അമൃതയെ വിവാഹം കഴിച്ചു. ഇവർക്ക് സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004-ൽ ഇരുവരും വേർപിരിഞ്ഞു.

പിന്നീട് ഇറ്റാലിയൻ മോഡൽ റോസ കാറ്റലാനോയുമായി സെയ്ഫ് പ്രണയത്തിലായെങ്കിലും 2007-ൽ ആ ബന്ധം അവസാനിച്ചു. 2008-ൽ ‘തഷാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരീന കപൂറുമായി സെയ്ഫ് പ്രണയത്തിലാകുന്നത്. കൈത്തണ്ടയിൽ കരീനയുടെ പേര് പച്ചകുത്തി പ്രണയം പരസ്യമാക്കിയ സെയ്ഫ്, 2012 ഒക്ടോബറിൽ കരീനയെ വിവാഹം കഴിച്ചു. തൈമൂർ, ജെ എന്നിവരാണ് ഇവരുടെ മക്കൾ.

സിനിമയ്ക്ക് പുറത്ത് സെയ്ഫിന്റെ രസകരവും വിചിത്രവുമായ ചില സ്വഭാവങ്ങളും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. 2004-ലെ സൂനാമി സമയത്ത് തായ്‌ലൻഡിലെ ഫുക്കറ്റിൽ കുടുങ്ങിപ്പോയ നടി പ്രീതി സിന്റയ്ക്ക് സെയ്ഫ് അയച്ച സന്ദേശം “നീ വെള്ളത്തിനടിയിലാണോ?” എന്നായിരുന്നു. 90-കളിൽ അമൃതയ്ക്കും കമൽ സദാനയ്ക്കുമൊപ്പം കാറിൽ പോകവെ, മറ്റൊരു ഡ്രൈവറുമായി വഴക്കുണ്ടാവുകയും ഇരുവരും പരസ്പരം കടിക്കുകയും ചെയ്ത സംഭവം കമൽ സദാന ഒരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്. 2006-ൽ ‘ഓംകാര’യിലെ ‘ലംഗ്ഡ ത്യാഗി’ എന്ന വില്ലൻ വേഷം സെയ്ഫിന്റെ കരിയർ തന്നെ മാറ്റിമറിച്ചു. ചിത്രത്തിൽ പൂർണനഗ്നനായി അഭിനയിക്കാൻ സംവിധായകൻ വിശാൽ ഭരദ്വാജ് ആവശ്യപ്പെട്ടപ്പോൾ, സെറ്റിലെ ആളുകളെ കണ്ട് പരിഭ്രമിച്ച സെയ്ഫ്, സംവിധായകൻ ആദ്യം അങ്ങനെ അഭിനയിച്ചു കാണിക്കട്ടെ എന്ന് തമാശയായി പറഞ്ഞ് ഒഴിഞ്ഞുമാറി.

സെയ്ഫിന്റെ ജീവിതത്തിലെ ഏറ്റവും ഭീതിജനകമായ നിമിഷങ്ങൾ അരങ്ങേറിയത് 2025 ജനുവരി 16-ന് പുലർച്ചെയാണ്. ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദ് എന്ന അക്രമി ഇളയ മകൻ ജെയുടെ മുറിയിൽ കത്തിയുമായി നിൽക്കുന്നത് വീട്ടുജോലിക്കാരി കണ്ടു.

അക്രമിയെ തടയാൻ ശ്രമിച്ച സെയ്ഫിന് കഴുത്തിലും മുതുകിലും കൈകളിലും ആഴത്തിൽ കുത്തേറ്റു. തടയാൻ ശ്രമിച്ച ജെയ്ക്കും ആയയ്ക്കും പരുക്കേറ്റു. രക്തത്തിൽ കുളിച്ചുനിൽക്കുന്ന സെയ്ഫിനെ കണ്ട് പരിഭ്രമിച്ച കരീന റോഡിലേക്കിറങ്ങി ഓട്ടോറിക്ഷ തിരഞ്ഞു. “അബ്ബാ, നിങ്ങൾ മരിക്കാൻ പോവുകയാണോ?” എന്ന മൂത്ത മകൻ തൈമൂറിന്റെ ചോദ്യം സെയ്ഫിനെ വല്ലാതെ ഉലച്ചു. താൻ സുഖമായിരിക്കുമെന്ന് മകനെ ആശ്വസിപ്പിച്ച സെയ്ഫ്, ഡ്രൈവർ ഇല്ലാതിരുന്നതിനാൽ തൈമൂറിനും വീട്ടുജോലിക്കാരൻ ഹരിക്കുമൊപ്പം ഒരു ഓട്ടോറിക്ഷയിലാണ് ലീലാവതി ആശുപത്രിയിലേക്ക് പോയത്.

നട്ടെല്ലിന് സമീപം തറച്ചുകയറിയ കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് ഒടുവിലാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച് മുന്നേറുന്ന സെയ്ഫ് അലി ഖാന്റെ ജീവിതം ഇന്നും ആരാധകർക്ക് ഒരു അദ്ഭുതമാണ്.