മുണ്ടക്കയം: പ്രാർത്ഥനയുടെ മറവിൽ പണം തട്ടിയെന്ന ആരോപണം നേരിടുന്ന പ്രാർത്ഥനാലയത്തിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ നടത്തിപ്പുകാരി മുങ്ങി. മുണ്ടക്കയം ചെളിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്രാർത്ഥനാ കേന്ദ്രത്തിലാണ് പോലീസ് റെയ്ഡിനെത്തിയപ്പോൾ നടത്തിപ്പുകാരി ഒളിവിൽ പോയത്. പ്രദേശത്ത് വർഷങ്ങളായി പ്രാർത്ഥനാലയം നടത്തിയിരുന്ന ഇവർക്കെതിരെ വ്യാപകമായ പരാതികളും വിശ്വാസികളുടെ പ്രതിഷേധവും ഉയർന്നതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് ഇത് പൂട്ടിയിരുന്നു. എന്നാൽ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രാർത്ഥനയും സാമ്പത്തിക തട്ടിപ്പും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുണ്ടക്കയം പോലീസിൽ പരാതി ലഭിച്ചതോടെയാണ് പോലീസ് പരിശോധനയ്ക്കായി എത്തിയത്.
‘ഇഷ്ടാലയ പ്രയർ മിനിസ്ട്രീസ്’ എന്ന പേരിൽ ചെമ്പകശേരിൽ സരസമ്മ എന്ന വീട്ടമ്മയാണ് ഈ പ്രാർത്ഥനാലയം തുടങ്ങിയത്. പിന്നീട് ഇവർ ‘സരൺസ്’ എന്ന പേര് സ്വീകരിച്ചായിരുന്നു പ്രാർത്ഥനാ യോഗങ്ങൾ നടത്തിയിരുന്നത്. ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിയ നൂറിലധികം പേരിൽ നിന്ന് സ്വർണ്ണവും മറ്റും വാങ്ങുകയും, അവരെക്കൊണ്ട് തന്നെ അത് പണയം വെപ്പിച്ച് ലക്ഷക്കണക്കിന് രൂപ കൈക്കലാക്കുകയും ചെയ്തതായി പോലീസ് പറയുന്നു. കൂടാതെ, കെ.എസ്.എഫ്.ഇ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ വിശ്വാസികളെക്കൊണ്ട് അവരുടെ ഭൂമി ഈട് വെപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്.
പണം തിരികെ ആവശ്യപ്പെട്ടാൽ ദൈവകോപം ഉണ്ടാകുമെന്ന് ഭയപ്പെടുത്തി വിശ്വാസികളെ പിന്തിരിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. നാൽപ്പതിലധികം പേർ പരാതിയുമായി സമീപിച്ചെങ്കിലും അന്ന് രണ്ട് പരാതികളിൽ മാത്രമാണ് മുണ്ടക്കയം പോലീസ് കേസെടുത്തത്. സ്ത്രീകളെ സ്വാധീനിച്ച് വിശ്വാസികളാക്കിയ ശേഷം അവരുടെ ഭർത്താക്കന്മാരെയും മക്കളെയും ഒപ്പം കൂട്ടുന്നതാണ് ഇവിടുത്തെ രീതിയെന്ന് പ്രാർത്ഥനാലയത്തിൽ നിന്ന് വിട്ടുനിന്നവർ ആരോപിക്കുന്നു. ഉന്നത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, എൻജിനീയർമാർ, അധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ എന്നിവരും ഈ കേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ഇവരെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
വീണ്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷനിൽ ഹാജരാകാൻ നടത്തിപ്പുകാരിയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ എത്താതിരുന്നതിനെ തുടർന്നാണ് എസ്.എച്ച്.ഒ അനന്തു തമ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെളിക്കുഴി പാറയമ്പലം ഭാഗത്ത് പ്രവർത്തിക്കുന്ന പ്രാർത്ഥനാലയത്തിൽ പരിശോധനയ്ക്ക് എത്തിയത്. പോലീസ് എത്തുമ്പോൾ പ്രാർത്ഥനാ കേന്ദ്രം അടച്ചുപൂട്ടിയ നിലയിലായിരുന്നു; സരസമ്മ അവിടെ ഉണ്ടായിരുന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രാർത്ഥനയ്ക്കായി എത്തിയ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ അനന്തു തമ്പി വ്യക്തമാക്കി.




