ന്യൂസിലൻഡ്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സിറാജിനെ പുറത്തിരുത്തിയതിനെ ചോദ്യം ചെയ്ത് വിവേചന ആരോപണവുമായി കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് രംഗത്തെത്തിയപ്പോൾ, ഈ പ്രസ്താവന ‘ലജ്ജാകരമാണെന്ന്’ പറഞ്ഞ് ബിജെപി ശക്തമായി തിരിച്ചടിച്ചു.
മുൻകാലങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ‘സിറാജ്’ എന്ന പേരിന്റെ പേരിലാണ് ഫാസ്റ്റ് ബൗളറെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതെന്ന് എ.എൻ.ഐയോട് സംസാരിക്കവെ മസൂദ് പറഞ്ഞു. “മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ ഇടം നൽകിയില്ലെന്നാണ് പറയപ്പെടുന്നത്. പേര് ‘സിറാജ്’ എന്നായതുകൊണ്ടാണ് സ്ഥാനം നൽകാത്തത്. നന്നായി കളിച്ചിട്ടും ഒഴിവാക്കുന്നെങ്കിൽ അവിടെ വിവേചനം വ്യക്തമാണ്,” കോൺഗ്രസ് നേതാവ് ആരോപിച്ചു.
എം.പിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ‘വോട്ട് ബാങ്ക് രാഷ്ട്രീയം’ കളിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
“കോൺഗ്രസിന് നാണക്കേട്! ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസ് ഇപ്പോൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്! ‘സിറാജ് മുസ്ലിമായതിനാലാണ് ഒഴിവാക്കപ്പെട്ടത്’ എന്നാണ് കോൺഗ്രസ് പറയുന്നത്. ജഡേജയെയും ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടല്ലോ! ഓരോ ക്രിക്കറ്ററും ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ജേഴ്സി അണിയുന്നത്! വോട്ട് ബാങ്കിനും വർഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വിഭജിക്കുന്നത് നിർത്തുക!” ഭണ്ഡാരി സമൂഹമാധ്യമത്തിൽ കുറിച്ചു.
നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലെയിംഗ് ഇലവനിൽ നിന്ന് സിറാജിനെ ഒഴിവാക്കിയതിനെ മുൻ ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്കറും രവി ശാസ്ത്രിയും ചോദ്യം ചെയ്തിട്ടുണ്ട്. സിറാജിന്റെ പരിചയസമ്പത്ത് ടീം മാനേജ്മെന്റ് പരിഗണിക്കേണ്ടതായിരുന്നുവെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്.
സിറാജിനെ പുറത്തിരുത്തിയത് അമ്പരപ്പിക്കുന്നതാണെന്ന് ഗവാസ്കർ വിശേഷിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ പരിചയസമ്പത്തും അധ്വാനിക്കാനുള്ള മനസ്സും കണക്കിലെടുത്ത് ടീമിൽ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് രവി ശാസ്ത്രി സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. എന്നാൽ, ടെസ്റ്റിനായി സാധ്യമായ ഏറ്റവും മികച്ച പ്ലെയിംഗ് ഇലവനെ തന്നെയാണ് തിരഞ്ഞെടുത്തതെന്ന നിലപാടിലാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക്കും. ജസ്പ്രീത് ബുംറ നയിക്കുന്ന നാല് പേസർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കാംബോജ് എന്നിവരാണ് ടീമിൽ ഇടംനേടിയ മറ്റു മൂന്ന് പേർ.




