Movie News

‘ആ അരമണിക്കൂറിനിടയിലാണ് അവന് മരിക്കാന്‍ തോന്നിയത്, എന്താണ് അവന്റെ മനസിലേക്ക് വന്നത്? ’

‘രസികന്‍’ എന്ന ഒറ്റ സിനിമ മാത്രം മതി ബാലതാരമായ ഹരിമുരളിയെ മലയാളികൾ ഓർത്തെടുക്കാൻ. പിന്നീട് അണ്ണൻ തമ്പി, മാടമ്പി, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ട ഹരിമുരളി, മുതിർന്ന ശേഷം സീരിയലുകളിലും സിനിമകളിലും അഭിനേതാവായും വിഎഫ്എക്സ് ആർട്ടിസ്റ്റായും സജീവമായിരുന്നു. കരിയറിൽ തിളങ്ങിനിൽക്കുന്നതിനിടെയാണ് സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത എത്തിയത്.

27-കാരനായ ഹരിമുരളിയെ 2026 മാർച്ച് 12-നാണ് കണ്ണൂർ പയ്യന്നൂർ അന്നൂരിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കടുത്ത തീരുമാനത്തിലേക്ക് ഹരിയെ നയിച്ച കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ അപ്രതീക്ഷിത വേർപാടിനെക്കുറിച്ച് നടി സീമ ജി. നായർ ഒരു പുതിയ അഭിമുഖത്തിൽ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹരിയുടെ അമ്മ മുറിയിൽ വന്നു വിളിച്ചിട്ട് പോയതിന് തൊട്ടുപിന്നാലെ, വെറും അരമണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചതെന്നത് തന്നെ ഏറെ ഞെട്ടിച്ചെന്ന് സീമ ജി. നായർ പറയുന്നു.

‘‘പ്രതീക്ഷിക്കാത്ത ഒരുപാട് മരണങ്ങൾ ഇതിനുമുൻപ് ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഹരിയുടേത് വലിയൊരു നൊമ്പരവും ആഘാതവുമാണ് ഉണ്ടാക്കിയത്. ഹരിയുടെ അച്ഛൻ പയ്യന്നൂർ മുരളി ചേട്ടൻ നാടകപ്രവർത്തകനാണ്, ഞങ്ങളുമായി നല്ല അടുപ്പമുള്ളയാളാണ്. ഹരി ചെറുപ്പത്തിലേ ഞങ്ങളോടൊപ്പം ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. അവർ മരടിലേക്ക് താമസം മാറിയപ്പോൾ വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. അവനുമായി അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നു. അവന്റെ ചെറിയച്ഛൻ മനോജും ഞാനും അപ്പോൾ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നുണ്ടായിരുന്നു. രാവിലെ 5.45-ന് അനിയൻ എറണാകുളത്ത് നിന്ന് വീട്ടിലേക്ക് എത്തുന്നു. മുരളി ചേട്ടന്റെ ഭാര്യ വന്ന് ഹരിയെ വിളിച്ചുണർത്തി, അനിയൻ വരുന്നുണ്ട് നീ എഴുന്നേറ്റ് റെഡിയാകൂ എന്ന് പറഞ്ഞു. 5.30-നും 6.15-നും ഇടയിലാണ് ഹരി ആത്മഹത്യ ചെയ്യുന്നത്. 6.15-ന് വാതിലിൽ മുട്ടുമ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ആ വെറും അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്. ആ സമയത്ത് അവന്റെ മനസ്സിലേക്ക് എന്താണ് വന്നതെന്ന് ആർക്കറിയാം. നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടിയല്ലേ, ഹരിയുടെ വിയോഗം വലിയ ഷോക്കായിരുന്നു’’ – ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സീമ ജി. നായർ പറഞ്ഞു.

നാടകരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള പയ്യന്നൂർ മുരളിയാണ് ഹരിമുരളിയുടെ അച്ഛൻ. നടൻമാരായ ഗണപതി, ദീപക് പറമ്പോൾ, സംവിധായകൻ ചിദംബരം എന്നിവർ ഹരിയുടെ കസിൻസാണ്. തിങ്കളാഴ്ച നിശ്ചയം, പ്രണയവിലാസം, ചാവേർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മനോജ് കെ.യു ഹരിമുരളിയുടെ ഇളയച്ഛനും, നടൻ ബാബു അന്നൂർ അടുത്ത ബന്ധുവുമാണ്.