ഭോപ്പാൽ: യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ സ്വയം കുടുങ്ങി. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് ഈ സംഭവം നടന്നത്. ഹോട്ടലിൽ ഒരുമിച്ച് താമസിച്ചിരുന്ന അവിവാഹിതരായ യുവതിയെയും യുവാവിനെയും ചോദ്യം ചെയ്യുന്നതിനിടെ, അഡീഷണൽ പോലീസ് സൂപ്രണ്ട് ദീപക് മിശ്ര യുവാവിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, മുറിയിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞത് ഉദ്യോഗസ്ഥന് തിരിച്ചടിയായി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചവരാണെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ, മാതാപിതാക്കളെ വിളിച്ചുവരുത്തണമെന്ന് പോലീസ് നിർബന്ധം പിടിച്ചു. യുവതി ഇതിന് തയ്യാറാകാതെ വന്നതോടെ യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ഹോട്ടൽ ഉടമ ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവിന്റെ ബാഗിൽ കഞ്ചാവ് വെക്കാൻ എ.എസ്.പി ദീപക് മിശ്ര നിർദ്ദേശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. കൂടാതെ, വീട്ടുകാരെ അറിയിക്കാതെ ഒരുമിച്ച് സമയം ചെലവഴിച്ചതിന് ഇയാൾ യുവതിയെയും യുവാവിനെയും ശകാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം നടന്ന സിദ്ധാർഥ് ഹോട്ടലിന്റെ ഉടമ സഞ്ജു സനോഡിയയും പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതിനായി പ്രാദേശിക പോലീസ് പ്രതിമാസം 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. ഈ പണം നൽകാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യത്തിലാണ് പോലീസ് ഹോട്ടലിൽ പരിശോധന നടത്തിയതെന്നും സനോഡിയ ആരോപിക്കുന്നു.
പോലീസിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് സനോഡിയ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ പോലീസിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആവശ്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ പ്രായപൂർത്തിയായ ഒരാളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനെ നിരവധി പേർ വിമർശിച്ചു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന പൗരന്മാരോട് പോലീസ് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പലരും ചോദിക്കുന്നു.
അതേസമയം, ആരോപണവിധേയനായ ദീപക് മിശ്ര ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ മധ്യപ്രദേശ് ആഭ്യന്തരവകുപ്പ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാനോ പോലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം നൽകാനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.




