Oddly News

ഷെഫ് കോട്ട് അഴിച്ചുവെച്ച് എഐ വിദഗ്ധയായി; ജെൻസൺ ഹുവാങ്ങിന്റെ മകൾ തിരഞ്ഞെടുത്ത അപ്രതീക്ഷിത വഴി

മാതാപിതാക്കൾ രണ്ടുപേരും എഞ്ചിനീയർമാരാണെങ്കിൽ മക്കളുടെ കരിയർ പാതയും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നാണ് പൊതുവെയുള്ള വിശ്വാസം. മാഡിസൺ ഹുവാങ്ങിന്റെ കാര്യത്തിലും അങ്ങനെയാകേണ്ടതായിരുന്നു. അവരുടെ പിതാവ് ജെൻസൻ ഹുവാങ് ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും എൻവിഡിയയുടെ (Nvidia) സ്ഥാപകനുമാണ്; അമ്മ ലോറിയും ഇലക്ട്രിക്കൽ എഞ്ചിനീയറാണ്. എന്നാൽ മാഡിസൺ തിരഞ്ഞെടുത്തത് പ്രൊഫഷണൽ അടുക്കളകളാണ്. പേസ്ട്രി നിർമ്മാണത്തിലും വൈനുകളിലും പരിശീലനം നേടിയ അവർ, പിതാവ് കെട്ടിപ്പടുത്ത കമ്പനിയിൽ ചേരുന്നതിന് മുമ്പ് വർഷങ്ങളോളം ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ബ്രാൻഡിംഗ് മേഖലകളിൽ പ്രവർത്തിച്ചു. പിതാവിന്റെ രാജിക്ക് ശേഷവും ഇന്ന് എൻവിഡിയയിൽ അവർക്ക് വലിയ സ്വാധീനമുണ്ട്.

മാഡിസൺ ഹുവാങ് തന്റെ കരിയർ തിരഞ്ഞെടുത്ത കഥയ്ക്ക് ‘ത്രീ ഇഡിയറ്റ്സ്’ സിനിമയുമായി ചെറിയൊരു സാമ്യമുണ്ട്. പരമ്പരാഗത കരിയർ വഴികൾക്ക് പിന്നാലെ പോകാതെ സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാൻ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്ന ആമിർ ഖാന്റെ ‘റാഞ്ചോ’ എന്ന കഥാപാത്രത്തെപ്പോലെ, തനിക്ക് ആത്മാർത്ഥമായി ഇഷ്ടമുള്ള കാര്യം പിന്തുടരാൻ ജെൻസൻ ഹുവാങ് മകളെ പ്രോത്സാഹിപ്പിച്ചു. മാതാപിതാക്കളുടെ പാത പിന്തുടർന്ന് എഞ്ചിനീയറിംഗ് പഠിക്കാനാണ് മാഡിസൺ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പിതാവിന്റെ ഉപദേശത്തിന് ശേഷം അവർ യൂണിവേഴ്സിറ്റി അപേക്ഷകൾ പിൻവലിക്കുകയും പകരം കളിനറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് 2026 ഏപ്രിലിൽ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ റോബോട്ടിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളുമായി സംവദിക്കവെ മാഡിസൺ പറഞ്ഞു. 2012-ൽ കളിനറി ആർട്സിൽ പരിശീലനം പൂർത്തിയാക്കി അവർ ബിരുദം നേടി.

ഭക്ഷണത്തോടുള്ള അവരുടെ താല്പര്യം അടുക്കളയ്ക്ക് അപ്പുറത്തേക്കും വളർന്നു. മയാമി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ ബേ ഏരിയ എന്നിവിടങ്ങളിലെ പ്രൊഫഷണൽ അടുക്കളകളിൽ ജോലി ചെയ്ത ശേഷം, പാരീസിലെ ‘ലെ കോർഡൻ ബ്ലൂ’വിൽ പേസ്ട്രി നിർമ്മാണവും ലണ്ടനിൽ വൈനുകളെയും സ്പിരിറ്റുകളെയും കുറിച്ചും പഠിക്കാൻ മാഡിസൺ യൂറോപ്പിലേക്ക് പോയി.

ലക്ഷ്വറി ഭക്ഷണത്തിന് പിന്നിലെ ബിസിനസ്സ് മനസ്സിലാക്കാനുള്ള താല്പര്യം അവരെ ഫ്രഞ്ച് ലക്ഷ്വറി കമ്പനിയായ എൽ.വി.എം.എച്ചിൽ (LVMH) എത്തിച്ചതായി കമ്പനിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അവതരണം, കരകൗശല വൈദഗ്ധ്യം, സൂക്ഷ്മമായ ശ്രദ്ധ എന്നിവയ്ക്ക് വലിയ പ്രാധാന്യമുള്ള ലക്ഷ്വറി മാർക്കറ്റിംഗ്, ബ്രാൻഡ് ഡെവലപ്‌മെന്റ് മേഖലകളിൽ ഏകദേശം നാല് വർഷത്തോളം അവർ പ്രവർത്തിച്ചു.

തുടർന്ന് 2019-ൽ മാഡിസൺ ലണ്ടൻ ബിസിനസ് സ്കൂളിൽ ചേർന്ന് മാർക്കറ്റിംഗിലും സ്ട്രാറ്റജിയിലും എം.ബി.എ നേടി. 2020-ൽ അവർ എൻവിഡിയയിൽ ഇന്റേൺ ആയി ചേർന്നു. ഇവിടെ പ്രൊഡക്റ്റ് മാർക്കറ്റിംഗിലേക്ക് മാറിയ മാഡിസൺ, കമ്പനിയുടെ ഓമ്‌നിവേഴ്‌സ് (Omniverse) പ്ലാറ്റ്‌ഫോമിലും റോബോട്ടിക്സ് ബിസിനസ്സിലും പ്രവർത്തിച്ചു.

35-കാരിയായ മാഡിസൺ ഇപ്പോൾ എൻവിഡിയയുടെ ഫിസിക്കൽ എ.ഐ പ്ലാറ്റ്‌ഫോമുകളായ ഓമ്‌നിവേഴ്‌സ്, കോസ്‌മോസ്, ഐസക് എന്നിവയുടെ പ്രൊഡക്റ്റ് ആൻഡ് ടെക്നിക്കൽ മാർക്കറ്റിംഗ് സീനിയർ ഡയറക്ടറാണ്. റോബോട്ടുകൾ ഉൾപ്പെടെ ഭൗതിക ലോകവുമായി ഇടപഴകുന്ന എ.ഐ സംവിധാനങ്ങൾ നിർമ്മിക്കാനും പരിശീലിപ്പിക്കാനും ഡെവലപ്പർമാരെയും നിർമ്മാതാക്കളെയും സഹായിക്കുന്ന സാങ്കേതികവിദ്യകളാണിവ.

കരകൗശല വൈദഗ്ധ്യം (craftsmanship), സൂക്ഷ്മമായ കാര്യങ്ങളിൽ പോലുമുള്ള അതീവ ശ്രദ്ധ, സ്വയം നവീകരിക്കാനുള്ള സന്നദ്ധത എന്നീ മൂന്ന് തത്വങ്ങളാണ് തന്റെ കരിയറിനെ നയിച്ചതെന്ന് സിയോളിലെ പരിപാടിയിൽ മാഡിസൺ പറഞ്ഞു. പാചകത്തിലൂടെയായാലും, ലക്ഷ്വറി ബ്രാൻഡിംഗിലൂടെയായാലും, സാങ്കേതികവിദ്യയിലൂടെയായാലും വ്യക്തമായ എന്തെങ്കിലും സൃഷ്ടിക്കാൻ കഴിയുന്ന മേഖലകളാണ് താൻ തിരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കി.