Featured Sports

അവസാന പന്തിൽ ത്രില്ലർ ജയം; പിന്നാലെ പാക്ക് താരങ്ങളുമായി തർക്കം, ഗ്രൗണ്ട് വിടാൻ ആവശ്യപ്പെട്ട് ഇന്ത്യൻ താരങ്ങൾ- വീഡിയോ

അൽ അമെറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യൻ താരങ്ങൾ മൈതാനത്ത് നടത്തിയ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. വിജയത്തിലേക്ക് അവസാന പന്തിൽ മൂന്നു റൺസ് വേണമെന്നിരിക്കെ, ലോങ് ഓഫിലൂടെ ബൗണ്ടറി നേടി മോഹിത് ഉൾവ ഇന്ത്യയ്ക്ക് ആവേശകരമായ ജയം ഒരുക്കി.



പിന്നാലെ ഡഗ് ഔട്ടിലിരുന്ന ഇന്ത്യൻ കളിക്കാർ കൂട്ടത്തോടെ മൈതാനത്തേക്ക് ഇരച്ചെത്തി. ഇതിനിടെ, കളം വിടാൻ ഒരുങ്ങുകയായിരുന്ന പാക്ക് വിക്കറ്റ് കീപ്പർ ഹംസ സനൂറും ഇന്ത്യൻ താരങ്ങളുമായി വാക്കുതർക്കമുണ്ടായി. പാക്ക് താരങ്ങളോട് മൈതാനത്ത് നിന്ന് പുറത്തുപോകാൻ ഇന്ത്യൻ കളിക്കാർ ആവശ്യപ്പെട്ടതോടെ രംഗം വഷളായെങ്കിലും, ഇന്ത്യൻ പരിശീലക സംഘം ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

വിജയമുറപ്പിച്ച ശേഷം പാകിസ്ഥാൻ താരങ്ങൾക്ക് മുന്നിൽ വെച്ച് ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ ആഘോഷങ്ങളും വലിയ ചർച്ചയായിരിക്കുകയാണ്. 338 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ യുവനിര, കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് മത്സരത്തിന്റെ അവസാന പന്തിലാണ് പാകിസ്ഥാനിൽ നിന്ന് വിജയം തട്ടിയെടുത്തത്. ഈ നാടകീയ വിജയം ഇന്ത്യൻ ക്യാമ്പിൽ വലിയ ആഘോഷങ്ങൾക്ക് തിരികൊളുത്തി. ചിരവൈരികൾക്കെതിരെ അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ചതിന്റെ ആവേശം താരങ്ങൾക്ക് അടക്കാനായില്ല.

അവസാന പന്തിലെ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ താരങ്ങളുടെ തൊട്ടുമുന്നിൽ നിന്ന് ഇന്ത്യൻ താരങ്ങൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാശിയേറിയ പോരാട്ടത്തിന് മറ്റൊരു നാടകീയ നിമിഷം കൂടി സമ്മാനിക്കുന്നതായിരുന്നു ഈ ആഘോഷങ്ങൾ.