Oddly News

‘പോക്കറ്റടിച്ച’ 81,800 രൂപയുമായി മരത്തിൽ കയറി കുരങ്ങന്‍ ! പിന്നാലെ നാട്ടുകാർക്ക് ‘നോട്ടുമഴ’- വീഡിയോ

ഹിമാചൽ പ്രദേശിലെ ഷിംലയിൽ യുവാവിന്റെ പോക്കറ്റിൽ നിന്നും 81,800 രൂപ കുരങ്ങൻ തട്ടിയെടുത്തു. പണം കൈക്കലാക്കിയ ശേഷം സമീപത്തെ മരത്തിൽ കയറിയ കുരങ്ങൻ, നോട്ടുകൾ ഓരോന്നായി താഴേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഷിംലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപമാണ് കൗതുകകരമായ ഈ സംഭവം നടന്നത്.

ബാങ്കിൽ നിക്ഷേപിക്കാനായി യുവാവ് കൊണ്ടുപോയ പണമാണ് കുരങ്ങൻ കവർന്നത്. പോക്കറ്റിലുണ്ടായിരുന്ന നോട്ടുകെട്ട് തട്ടിയെടുത്ത കുരങ്ങൻ ഉടൻ തന്നെ അടുത്തുള്ള മരത്തിലേക്ക് ഓടിക്കയറി. തുടർന്ന് മരക്കൊമ്പിലിരുന്ന് ഓരോ നോട്ടുകളായി താഴേക്ക് വിതറാൻ തുടങ്ങി. ആകാശത്തുനിന്ന് നോട്ടുകൾ പറന്നുവീഴുന്നത് കണ്ട് ഓഫീസ് ജീവനക്കാരും യാത്രക്കാരും ഒരുപോലെ അമ്പരന്നു.

റോഡിലും പരിസരത്തുമായി വീണ നോട്ടുകൾ ശേഖരിക്കാൻ ആളുകൾ ഓടിക്കൂടി. എല്ലാവരും ചേർന്ന് പണം പെറുക്കിയെടുത്ത് യുവാവിനെ തിരികെ ഏൽപ്പിച്ചെങ്കിലും ഏകദേശം 1,500 രൂപയോളം നഷ്ടപ്പെട്ടിരുന്നു. കൂടാതെ, കുരങ്ങൻ ചില 500 രൂപ നോട്ടുകൾ കടിച്ചുകീറി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഷിംല നഗരത്തിൽ കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് ഈ സംഭവം. ആളുകളുടെ കയ്യിലുള്ള ഭക്ഷണസാധനങ്ങളും മറ്റ് സാധനങ്ങളും കുരങ്ങുകൾ തട്ടിയെടുക്കുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പിന്നാലെയാണ് പോക്കറ്റിൽ സൂക്ഷിച്ച പണവും കുരങ്ങൻ തട്ടിയെടുത്തത്.