Celebrity

സാനിയ മിർസ വീണ്ടും പ്രണയത്തില്‍? പ്രണയജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് താരം

മുംബൈ: ഇന്ത്യൻ ടെന്നിസ് ചരിത്രത്തിൽ സുവർണ്ണനേട്ടങ്ങൾ കുറിച്ച ഇതിഹാസ താരമാണ് സാനിയ മിർസ. വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻഡ്സ്‌ലാം കിരീടങ്ങൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ സാനിയ, സിംഗിൾസ് ലോക റാങ്കിങ്ങിൽ 27-ാം സ്ഥാനം വരെയെത്തി ഇന്ത്യൻ വനിതാ ടെന്നിസിന് പുതിയൊരു വഴിത്തിരിവ് നൽകി.

2023-ൽ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ച സാനിയ, നിലവിൽ അവതാരികയായും കമന്റേറ്ററായുമെല്ലാം സജീവമാണ്. കായിക നേട്ടങ്ങൾക്കൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഒരു വ്യാജവാർത്തയ്ക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.

താൻ പ്രണയത്തിലാണെന്നും ഉടൻ വീണ്ടും വിവാഹിതയാകുമെന്നുമുള്ള അഭ്യൂഹങ്ങളാണ് സാനിയ തള്ളിക്കളഞ്ഞത്. നടി നേഹ ധൂപിയയും നടൻ അംഗദ് ബേദിയും ചേർന്ന് അവതരിപ്പിക്കുന്ന ‘ഡബിൾ ഡേറ്റ്’ എന്ന ടോക്ക് ഷോയിൽ, സംവിധായികയും ഉറ്റ സുഹൃത്തുമായ ഫറാ ഖാനൊപ്പം പങ്കെടുക്കവെയാണ് സാനിയ മനസ്സുതുറന്നത്. അടുത്തിടെ ആരെങ്കിലും കോഫി ഡേറ്റിന് ക്ഷണിച്ചിരുന്നോ എന്ന അവതാരകരുടെ ചോദ്യത്തിനാണ് താരം തന്റെ പ്രണയജീവിതത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആൺസുഹൃത്തുക്കൾ പലപ്പോഴും യാത്രകൾക്ക് കൂടെ വിളിക്കാറുണ്ടെങ്കിലും, അവരെല്ലാം തന്നെ അവരുടെ കൂട്ടത്തിലെ ഒരു ആൺകുട്ടിയെപ്പോലെയാണ് കാണുന്നതെന്ന് സാനിയ പറഞ്ഞു. ഇതുവരെ ആരും തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇതിനിടെ, ഒരു പങ്കാളിയോടൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാൻ ആഗ്രഹമുണ്ടോ എന്ന് അംഗദ് ബേദി ചോദിച്ചു. “എന്റെ ജീവിതത്തിൽ ഇപ്പോൾ ആരുമില്ല, ഇനി ഭാവിയിൽ അങ്ങനെയൊരാൾ ഉണ്ടാകുമോ എന്നുപോലും എനിക്കറിയില്ല” എന്നായിരുന്നു സാനിയയുടെ ശ്രദ്ധേയമായ മറുപടി. സാനിയ ഇപ്പോഴും സിംഗിളാണോ എന്ന് ചോദിച്ച് തന്റെ പല സുഹൃത്തുക്കളും വിളിക്കാറുണ്ടെന്ന് ഫറാ ഖാനും ചർച്ചയ്ക്കിടെ വെളിപ്പെടുത്തി.

2010-ലാണ് സാനിയ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2018-ൽ ഇരുവർക്കും ഇസ്ഹാൻ എന്ന മകൻ ജനിച്ചു. എന്നാൽ 2024-ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തി. അതിനുശേഷം സാനിയ അവിവാഹിതയായി തുടരുകയാണ്. അതേസമയം, ശുഹൈബ് മാലിക് പാകിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചു; അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്.